'ബിജെപിയുടെ പാലക്കാട്ടെ തകർച്ച തുടങ്ങിക്കഴിഞ്ഞു,ക്രെഡിബിലിറ്റിയുള്ള ഒരു നേതാവും സിപിഐഎമ്മിലില്ല' ;വി ടി ബൽറാം

'പിണറായി വിജയന്റെ പഞ്ച്‌ ഡയലോഗുകൾ കേട്ട്‌ കോരിത്തരിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞിരിക്കുന്നു'

dot image

പാലക്കാട്: ക്രെഡിബിലിറ്റിയുള്ള ഒരൊറ്റ നേതാവു പോലും ഇന്ന് സിപിഐഎമ്മിലില്ലായെന്നും, പിണറായി വിജയന്റെ പഞ്ച്‌ ഡയലോഗുകൾ കേട്ട്‌ കോരിത്തരിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞിരിക്കുന്നുവെന്നും കോൺഗ്രസ് നേതാവ് വി ടി ബൽറാം. അപ്പൊ കണ്ടവനെ അപ്പാ" എന്നു വിളിക്കുന്ന, വിചാരിച്ച പോലെ കാര്യം നടന്നില്ലെങ്കിൽ തൊട്ടടുത്ത നിമിഷം മാറ്റിപ്പറയുന്ന അവസരവാദികളാണ് യുവ/സീനിയർ വ്യത്യാസമില്ലാതെ സിപിഐഎമ്മിന്റെ നേതാക്കൾ. പുതിയ തലമുറ വോട്ടർമാർക്ക് മുന്നിൽ അവർ മിക്കവരും പരിഹാസ്യ കഥാപാത്രങ്ങളാണെന്നുമുള്ള കടുത്ത വിമർശനങ്ങളാണ് വി ടി ബൽറാം ഫേസ്ബുക്കിലൂടെ ഉന്നയിച്ചിരിക്കുന്നത്. അതോടൊപ്പം ബിജെപിയുടെ പാലക്കാട്ടെ തകർച്ച തുടങ്ങിക്കഴിഞ്ഞുവെന്നും, പാലക്കാട്‌ ഇനിയൊരു 'എ' ക്ലാസ്‌ സീറ്റല്ലായെന്നും അടുത്ത മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ അവിടെ ഭരണമാറ്റത്തിന്‌ സാധ്യത വർദ്ധിച്ചിരിക്കുകയാണെന്നുമുള്ള ബിജെപിക്ക് എതിരെയുമുള്ള വിമർശനങ്ങളും പോസ്റ്റിലുണ്ട്.

പാലക്കാട് തിരഞ്ഞെടുപ്പ് റിസൾട്ടുമായി ബന്ധപ്പെട്ട് ചില പ്രാഥമിക നിരീക്ഷണങ്ങൾ എന്ന തലക്കെട്ടോടെയുള്ള പോസ്റ്റിൽ അക്കമിട്ടാണ് വി ടി ബൽറാം കടുത്ത വിമർശനങ്ങൾ നടത്തിയിരിക്കുന്നത്.

പാലക്കാട് തെരഞ്ഞെടുപ്പ് റിസൾട്ടുമായി ബന്ധപ്പെട്ട് ചില പ്രാഥമിക നിരീക്ഷണങ്ങൾ:

1) ബിജെപിയെ നേർക്കുനേരെയുള്ള പോരാട്ടത്തിൽ പരാജയപ്പെടുത്താൻ സാധിക്കുന്നത് കോൺഗസിനും യുഡിഎഫിനുമാണ് എന്ന് കേരളം വീണ്ടും വിധിയെഴുതിയിരിക്കുന്നു. സിപിഎമ്മിനെ ബിജെപിയുടെ സഖ്യകക്ഷി മാത്രമായാണ്‌ ജനങ്ങൾ കാണുന്നത്‌.

2) "മതേതരത്വം സംരക്ഷിക്കാൻ" സിപിഎം ഒരു കാലത്തും കോൺഗ്രസിന്‌ വോട്ട്‌ മറിച്ചു നൽകില്ല. പാലക്കാട്ടെ മുൻ ഇലക്ഷനുകളിലൊന്നും അങ്ങനെ നൽകിയിട്ടുമില്ല. ഷാഫിയും ഇ ശ്രീധരനും ഏറ്റുമുട്ടുമ്പോഴും ശ്രീകണ്ഠനെതിരെ പോളിറ്റ്‌ ബ്യൂറോ അംഗം വിജയരാഘവൻ ജയിക്കാനായി മത്സരിക്കുമ്പോഴും ഇപ്പോൾ ഭരണത്തിന്റെ മുഴുവൻ സന്നാഹങ്ങളുമുപയോഗിച്ച് രണ്ടാം സ്ഥാനമെങ്കിലും നേടാൻ ഡസ്പറേറ്റായി നോക്കിയപ്പോഴും എല്ലാം സിപിഎം സ്ഥിരമായി മൂന്നാം സ്ഥാനത്ത്‌ തന്നെയാണ്‌. അവരുടെ വോട്ടിൽ കാര്യമായ വ്യത്യാസമൊന്നുമില്ല. അവർക്ക്‌ അവിടെ അത്രയേ വോട്ടുള്ളൂ, 35000നും 38000നുമിടക്ക്.

3) ബിജെപിയുടെ പാലക്കാട്ടെ തകർച്ച തുടങ്ങിക്കഴിഞ്ഞു. അവരെ സംബന്ധിച്ച്‌ പാലക്കാട്‌ ഇനിയൊരു 'എ' ക്ലാസ്‌ സീറ്റല്ല. അടുത്ത മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ അവിടെ ഭരണമാറ്റത്തിന്‌ സാധ്യത വർദ്ധിച്ചിരിക്കുന്നു.

4) കാമ്പുള്ള രാഷ്ട്രീയ വിഷയങ്ങൾ ഉന്നയിക്കാതെ കോൺഗ്രസ്‌ സ്ഥാനാർത്ഥിയെക്കുറിച്ച്‌ നിലവാരമില്ലാത്തതും ബാലിശവുമായ വ്യക്തിപര ആരോപണങ്ങളുന്നയിച്ച്‌ പ്രചരണങ്ങളെ ഡീറെയിൽ ചെയ്യിക്കാനുള്ള സിപിഎം ശ്രമങ്ങൾ പതിവായി എല്ലാ തെരഞ്ഞെടുപ്പുകളിലും ഇപ്പോൾ പാളുകയാണ്‌. തലക്കകത്തും പുറത്തും ഒന്നുമില്ലാത്ത ചില മാധ്യമ പുംഗവന്മാരുടെ അതിവൈകാരിക പ്രകടനങ്ങൾ കൊണ്ട്‌ അവരുടെ ചാനലിന്റെ റേറ്റിംഗ്‌ മാത്രമേ കൂടുകയുള്ളൂ, സിപിഎമ്മിന്റെ വോട്ട്‌ കൂടില്ല.

5) ഇനിയെങ്കിലും ഹീനമായ വർഗീയ പ്രചരണങ്ങൾ സിപിഎം നിർത്തണമെന്ന് ജനങ്ങൾ ആവർത്തിച്ച്‌ ആവശ്യപ്പെടുന്നു. അങ്ങനെ ഏതെങ്കിലും ഒരു സിംഗിൾ വിഷയത്തിന്മേൽ വൈകാരികമായി പ്രതികരിക്കുന്നവരല്ല കേരളത്തിലെ ന്യൂനപക്ഷങ്ങൾ ഇപ്പോൾ. സമകാലിക ഇന്ത്യൻ അവസ്ഥയെ സമഗ്രമായി വിലയിരുത്തിയാണ്‌ അവർ ഈയടുത്തകാലത്തായി കോൺഗ്രസിനും യുഡിഎഫിനുമൊപ്പം നിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്‌. പിണറായി വിജയന്റെ പഞ്ച്‌ ഡയലോഗുകൾ കേട്ട്‌ കോരിത്തരിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞിരിക്കുന്നു. അതുകൊണ്ട്‌ ഓവറായ കുത്തിത്തിരിപ്പുകൾ ഇനിയെങ്കിലും സിപിഎം ഒഴിവാക്കിയാൽ അവർക്ക്‌ നന്ന്.

6) ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരായ കലാപങ്ങൾ ആ പാർട്ടിക്കകത്ത്‌ തുടങ്ങിയിരിക്കുന്നു. പണത്തോട്‌ ആർത്തിയുള്ള സുരേന്ദ്രനെപ്പോലുള്ള നേതാക്കൾ സിപിഎമ്മുമായി ഒരുപാട്‌ ഡീലുകൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് ബിജെപിക്കാർക്ക് പോലും മനസ്സിലാവുന്നുണ്ട്.

7) ക്രഡിബിലിറ്റിയുള്ള ഒരൊറ്റ നേതാവു പോലും ഇന്ന് സിപിഎമ്മിലില്ല. "അപ്പ കണ്ടവനെ അപ്പാ" എന്നു വിളിക്കുന്ന, വിചാരിച്ച പോലെ കാര്യം നടന്നില്ലെങ്കിൽ തൊട്ടടുത്ത നിമിഷം മാറ്റിപ്പറയുന്ന അവസരവാദികളാണ് യുവ/സീനിയർ വ്യത്യാസമില്ലാതെ സിപിഎമ്മിന്റെ നേതാക്കൾ. പുതിയ തലമുറ വോട്ടർമാർക്ക് മുന്നിൽ അവർ മിക്കവരും പരിഹാസ്യ കഥാപാത്രങ്ങളാണ്.

content highlight- There is not a single leader with credibility in CPM'; VT Balram

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us