തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വിജയം വർഗീയ കക്ഷികളെ കൂട്ടുപിടിച്ച് സ്വന്തമാക്കിയതെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ഉപതിരഞ്ഞെടുപ്പുകളിലെ ജനവിധിയെ അംഗീകരിക്കുന്നു. നിലവിൽ സർക്കാരിന് അനുകൂലമായ സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും പി സരിൻ ഇടതുപക്ഷത്തിന് മുതൽകൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതിന് പിന്നാലെ ആദ്യം ആഹ്ലാദപ്രകടനം നടത്തിയത് എസ്ഡിപിഐയാണ്. യുഡിഎഫിനൊപ്പം ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അണിനിരന്നു. വയനാട് തെരഞ്ഞെടുപ്പിൽ 2019 ഇൽ രാഹുൽ ഗാന്ധിക്ക് കിട്ടിയ വോട്ട്, 2024 ലെ വോട്ട് എന്നിവ പരിഗണിക്കുമ്പോൾ വോട്ടുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സരിന്റെ സ്ഥാനാർഥിത്വം ഇടതുപക്ഷത്തിന് തിരിച്ചടിയായിട്ടില്ല. വരാൻ പോകുന്ന ഇടതുപക്ഷ രാഷ്ട്രീയ മുന്നേറ്റത്തിൽ മുൻപന്തിയിൽ സരിൻ ഉണ്ടാകും. പാലക്കാട്ടെ രാഷ്ട്രീയ അന്തരീക്ഷത്തിൽ സരിൻ തന്നെയായിരുന്നു ഉചിതമായ സ്ഥാനാർഥി. പാലക്കാട് വോട്ട് വർധിച്ചിട്ടുണ്ട്. ബിജെപിയുടെ പരാജയത്തിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
18840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പാലക്കാട് കോൺഗ്രസ് സ്ഥാനാര്ത്ഥി രാഹുല് മാങ്കൂട്ടത്തില് വിജയിച്ചത്. ഇത്തവണ 70.51 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 73.71 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. പാലക്കാട് എല്‍ഡിഎഫിന് വേണ്ടി പി സരിന്‍, യുഡിഎഫിന് വേണ്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ എന്‍ഡിഎയ്ക്ക് വേണ്ടി സി കൃഷ്ണകുമാര്‍ എന്നിവരായിരുന്നു മത്സര രംഗത്തുണ്ടായത്. പി സരിന്റെ കൂടുമാറ്റത്തോടെ വിജയപ്രതീക്ഷയിലായിരുന്നു ഇടതുപക്ഷം. എന്നാല്‍ പ്രതീക്ഷകളെ അട്ടമിറിച്ചായിരുന്നു രാഹുലിന്റെ വമ്പന്‍ ജയം.
Content Highlight: P Sarin a gem for LDF says TP Ramakrishnan