കൊച്ചി: അപകടത്തില്‍ പരിക്കേറ്റ് പൂര്‍ണമായും കിടപ്പിലായ കുട്ടിക്ക് 1.29 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. കുട്ടിക്കുളള നഷ്ട പരിഹാരമായി മോട്ടോര്‍വാഹന ട്രിബ്യൂണല്‍ 44.94 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന് പുറമെ 84.87 ലക്ഷം രൂപ കൂടി നഷ്ടപരിഹാരമായി അനുവദിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. മൂവാറ്റുപുഴ കാരിയ്ക്കല്‍ ജ്യോതിസ് രാജിനാണ് (അമ്പാടി-12) നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്. അഞ്ചാം വയസ്സിലാണ് കുട്ടിയ്ക്ക് അപകടം ഉണ്ടാകുന്നത്. അപകടത്തിനു ശേഷം കുട്ടിയുടെ ബാല്യകാലം നഷ്ടപ്പെട്ടുവെന്ന വിലയിരുത്തലിലാണ് ഇന്‍ഷുറന്‍സ് തുക ഹൈക്കോടതി വര്‍ധിപ്പിച്ചത്.
ജസ്റ്റിസ് എസ് ഈശ്വരനാണ് ഉത്തരവിട്ടിരിക്കുന്നത്. ഈ തുക നല്‍കുന്നതുവരെ ഒന്‍പത് ശതമാനം പലിശ നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ 44.94 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടതിനെതിരേ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ തള്ളിയാണ് ഉത്തരവ്. ട്രിബ്യൂണല്‍ അനുവദിച്ച നഷ്ടപരിഹാരത്തുക പര്യാപ്തമല്ലെന്നുകാട്ടി കുട്ടിയുടെ അച്ഛന്‍ രാജേഷും അപ്പീല്‍ നല്‍കിയിരുന്നു.
മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിൽ, അപകടത്തിൽ കുട്ടിക്ക് 77 ശതമാനം വൈകല്യം ഉണ്ടായെന്നാണ് പറയുന്നത്. എന്നാല്‍ കുട്ടിയ്ക്ക് 100 ശതമാനവും വൈകല്യമുള്ളതായി കണക്കാക്കിയാണ് ഹൈക്കോടതി ഉയര്‍ന്ന തുക അനുവദിച്ചത്. കുട്ടിയെ പരിചരിക്കുന്നതിനുള്ള ചെലവിലേക്ക് രണ്ടുപേര്‍ക്കായി 37.80 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
അപകടം മൂലം അനുഭവിച്ച വേദനയ്ക്കും ദുരിതത്തിനുമായി 15 ലക്ഷം രൂപയും അനുവദിച്ചു. ഭാവിചികിത്സയ്ക്കായി മൂന്ന് ലക്ഷം രൂപയും അനുവദിച്ചു. 2016 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് ജ്യോതിസ് രാജിന് അഞ്ചു വയസ് മാത്രമാണ് പ്രായമുണ്ടായത്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങി വരവെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട കാര്‍ കുട്ടിയുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു.
Content Highlights: 1.29 crore compensation for the child who was bedridden due to injuries in the accident