തിരുവനന്തപുരം: എൽഡിഎഫ് പത്രപരസ്യം നൽകിയതിൽ തെറ്റൊന്നുമില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് ചോദിച്ചിട്ട് വേണോ പരസ്യം നൽകാൻ എന്ന് ഇ പി ചോദിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് പത്രക്കാര്‍ പത്രപരസ്യം നല്‍കാന്‍ സമീപിക്കും. അങ്ങനെ അവര്‍ സമീപിച്ചു. പ്രത്യക്ഷത്തില്‍ പരസ്യമല്ല എന്ന നിലയിലല്ലേ ബിജെപിയും യുഡിഎഫും പരസ്യം നൽകുന്നതെന്നും ഇ പി ജയരാജൻ ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇ പി.
സുന്നി വിഭാഗത്തിന്റെ മുഖപത്രത്തിലാണ് പരസ്യം നൽകിയതെന്നും ഇ പി ചൂണ്ടിക്കാട്ടി. മതനിരപേക്ഷതയെ ശക്തിപ്പെടുത്തിയാലേ ന്യൂനപക്ഷ സംരക്ഷണം ഉറപ്പുവരുത്താന്‍ കഴിയൂ എന്ന നിലപാട് സ്വീകരിക്കുന്നവരാണ് സുന്നി വിഭാഗം. പത്രപരസ്യം എല്ലാ പാര്‍ട്ടിക്കാരും കൊടുക്കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.
താന്‍ ദേശാഭിമാനി ജനറല്‍ മാനേജറായിരുന്ന സമയത്ത് കോണ്‍ഗ്രസിന് വോട്ട് അഭ്യര്‍ത്ഥിച്ചുള്ള പരസ്യം നല്‍കിയിട്ടുണ്ടെന്നും ഇ പി പറഞ്ഞു. പത്രങ്ങളിലൊക്കെ പരസ്യം വരുമ്പോള്‍ ബേജാറാവുക, ഭയപ്പെടുക, അങ്ങനെ ഭയപ്പെട്ട് അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുക ഇതെല്ലാം പാപ്പരത്തത്തിന്റെ ഭാഗമാണ്. തങ്ങള്‍ക്ക് അതൊന്നുമില്ല. തങ്ങള്‍ തുറന്ന പുസ്തകമാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
ഇടതുപക്ഷ ഗവണ്‍മെന്റിന് എതിരായി ഒരു ജനവികാരവുമില്ലെന്നും ഇ പി പറഞ്ഞു. എല്ലാ വികസനത്തെയും തടസ്സപ്പെടുത്താന്‍ യു ഡി എഫ് കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. ആത്മകഥ പൂർത്തിയായോ എന്ന ചോദ്യത്തിന് പൂര്‍ത്തിയായിട്ടില്ലെന്നും പൂര്‍ത്തിയാകുമ്പോള്‍ അറിയിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.
content highlight- After asking VD Satheesan, do you want to advertise? ' ; EP Jayarajan on LDF's newspaper advertisement issue