തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപപ്പെട്ട ന്യുനമർദം ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നവംബർ 25-ഓടെ തെക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലെത്തി തീവ്ര ന്യുനമർദമായി ശക്തി പ്രാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യുനമർദം ശക്തി പ്രാപിച്ച് തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ തമിഴ്നാട് - ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്.
അതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ 27, 28 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.
നവംബർ 27ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Content Highlight : Low pressure formed over Bay of Bengal strengthened; Chance of rain with thunder and lightning for five days