'എൻ്റെ മരണത്തിന് ഉത്തരവാദികൾ ഈ ആറ് പേർ'; മുണ്ടേല മോഹനൻ്റെ ആത്മഹത്യാക്കുറിപ്പിൽ സിപിഐഎം നേതാവിൻ്റെ പേരും

സിപിഐഎമ്മില്‍ ചേരാത്തത് മുതല്‍ ഉപദ്രവം തുടങ്ങിയെന്ന് ആത്മഹത്യാക്കുറിപ്പ്

dot image

തിരുവനന്തപുരം: മുണ്ടേല രാജീവ്ഗാന്ധി റെസിഡന്റ് വെല്‍ഫെയര്‍ സഹകരണസംഘം പ്രസിഡന്റായിരുന്ന മുണ്ടേല മോഹനന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. മോഹനന്റെ ആത്മഹത്യാക്കുറിപ്പില്‍ സിപിഐഎം നേതാവിന്റെ പേരും ഉള്‍പ്പെട്ടിരിക്കുന്നു. ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശിക്കെതിരെയാണ് പരാമര്‍ശമുള്ളത്. കോണ്‍ഗ്രസില്‍നിന്ന് ഈയിടെ സിപിഐഎമ്മില്‍ ചേര്‍ന്ന ജില്ലാപ്പഞ്ചായത്തംഗമാണ് വെള്ളനാട് ശശി. ബാങ്കിനെതിരെ ശശി ഉള്‍പ്പെടെയുള്ളവര്‍ തെറ്റിദ്ധാരണ പരത്തിയെന്ന് കുറിപ്പില്‍ പറയുന്നു. നിക്ഷേപം പിന്‍വലിക്കാന്‍ ജനങ്ങളെ ഇളക്കിവിട്ടെന്നും പരാമര്‍ശമുണ്ട്.

അതേസമയം സിപിഐഎമ്മില്‍ ചേരാന്‍ മോഹനനെ നിര്‍ബന്ധിച്ചുവെന്ന് മകള്‍ കൃപ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മാധ്യമങ്ങളെയും പൊലീസിനെയും അഭിസംബോധന ചെയ്താണ് മോഹനന്റെ ആത്മഹത്യാക്കുറിപ്പ് ആരംഭിക്കുന്നത്. വെള്ളനാട് ശശിക്ക് പുറമേ കാട്ടാക്കട എ ആര്‍ ബിനില്‍, മഞ്ജു അക്കൗണ്ടന്റ്, അശ്വതി (മായ), അര്‍ച്ചന, ശ്രീജ എന്നിവരും തന്റെ മരണത്തിന് ഉത്തരവാദിയാണെന്ന് കുറിപ്പില്‍ പറയുന്നു. നന്നായി പോയ സംഘം തകര്‍ക്കാന്‍ ആറ് പേര്‍ ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയാണ് ഈ സ്ഥിതിയിലെത്തിച്ചതെന്ന് മുണ്ടേല മോഹനന്‍ ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിക്കുന്നു.

'എട്ട് മാസമായി സംഘം തകരാന്‍ പോകുന്നുവെന്ന് നാട് നീളെ പ്രചരണം നടത്തി. ഇനി തിരിച്ചുവരാന്‍ കഴിയാത്ത വിധമാക്കി. 30 കുടുംബത്തിന്റെ ജീവിതം ഇല്ലാതാക്കി. എനിക്കും എന്റെ ഭാര്യക്കും ജോലി ചെയ്തുണ്ടാക്കിയ വസ്തുവകകളെല്ലാം കട ബാധ്യതയിലായി', ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. തന്നെ കൊണ്ട് സഹായം വാങ്ങാത്ത കുടുംബങ്ങള്‍ നാട്ടില്‍ കുറവാണെങ്കിലും ഒരു ദുഷ്പ്രചരണത്തില്‍ എല്ലാം ഒലിച്ചുപോയെന്നും അദ്ദേഹം പറയുന്നു.

ആത്മഹത്യാക്കുറിപ്പ്

'സംഘത്തിലെ മുകളില്‍ പറഞ്ഞ നാല് ജീവനക്കാരെ ഉപയോഗിച്ചാണ് വെള്ളനാട് ശശി കഥ മെനഞ്ഞത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലായി 60 ലക്ഷം വരെ രൂപ ഇയാള്‍ എന്നെ കൊണ്ട് പലരുടെ പേരുകളിലായി വായ്പ എടുപ്പിച്ച് കൊണ്ടു പോയി. ഇത് പലിശ ഉള്‍പ്പെടെ കോടികളായി ഞാന്‍ തിരിച്ചടക്കേണ്ടി വന്നു. ഞാന്‍ ഇയാളുടെ സിപിഎമ്മില്‍ പോകാന്‍ വിസമ്മതിച്ചത് മുതല്‍ പണി തുടങ്ങി. ഈ താലൂക്കിലെ പാര്‍ട്ടിയിലെ നേതാക്കളെല്ലാം കഴിഞ്ഞ 25 വര്‍ഷം എന്നെ നന്നായി ഉപയോഗിച്ചു. എനിക്ക് ബുദ്ധിമുട്ട് വന്നപ്പോള്‍ കടന്നു കളഞ്ഞു. എന്റെ മക്കള്‍ക്ക് കൊടുക്കാന്‍ ഒന്നും ഇല്ല, മാപ്പ്', എന്ന് പറഞ്ഞാണ് ആത്മഹത്യാക്കുറിപ്പ് അവസാനിക്കുന്നത്.

മുണ്ടേല രാജീവ് ഗാന്ധി റെസിഡെന്‍സ് വെല്‍ഫെയര്‍ സഹകരണസംഘം സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലാണ്. പണം പിന്‍വലിക്കാന്‍ നിക്ഷേപകര്‍ ദിവസവും സംഘത്തില്‍ ബഹളമുണ്ടാക്കുമായിരുന്നു. ഇതിനിടെയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നവംബര്‍ 20ന് മുണ്ടേല മോഹനനെ അമ്പൂരിയിലെ ഒരു റിസോര്‍ട്ടിനു സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Mundela Mohnan s letter found about death

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us