പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചുകയറിയത് എസ്ഡിപിഐയുടെ സഹായത്തോടെയെന്ന ആരോപണം ആവർത്തിച്ച് ഡോ പി സരിൻ. മതന്യൂനപക്ഷ വോട്ടുകൾ നേടാൻ കോൺഗ്രസ് കൂട്ടുപിടിച്ചത് എസ്ഡിപിഐയെയാണെന്ന് പി സരിൻ റിപ്പോർട്ടറിനോട് പറഞ്ഞു.
'എൽഡിഎഫും യുഡിഎഫും തമ്മിൽ 20,000ൽ അധികം വോട്ടിൻ്റെ വ്യത്യാസമാണുള്ളത്. ഇത് എങ്ങനെ വന്നു എന്ന് രാഷ്ട്രീയം പഠിക്കുന്നവർക്ക് മനസിലാവും. മതന്യൂനപക്ഷ വോട്ടുകൾ നേടാൻ കോൺഗ്രസ് കൂട്ടുപിടിച്ചത് എസ്ഡിപിഐയെയാണ്. യുഡിഎഫിൻ്റെ ഘടകകക്ഷികളെക്കാൾ അക്ഷീണം പ്രവർത്തിച്ചതും അവർതന്നെ. മതേതര കേരളത്തിൽ എസ്ഡിപിഐയ്ക്ക് വളരാൻ കഴിയില്ല. വർഗീയ വിളവെടുപ്പിന് അവർക്ക് അയഞ്ഞ മണ്ണ് ആവശ്യമാണ്. അതിന് കോൺഗ്രസാണ് നല്ലതെന്നും സരിൻ പറഞ്ഞു. എസ്ഡിപിഐയുടെ മതം പറഞ്ഞുണ്ടായ സ്വീകാര്യതയെ കോൺഗ്രസ് കയറൂരി വിടുന്നുവെന്നും വീടുകൾ കയറാനും പള്ളിയിൽ കയറിനിരങ്ങാനും കോൺഗ്രസ് അവരെ അനുവദിക്കുന്നുവെന്നും സരിൻ ആരോപിച്ചു.
എ കെ ബാലന്റെ 'തിളങ്ങുന്ന നക്ഷത്രം' പരാമർശത്തിൽ സന്തോഷമെന്നും സരിൻ പറഞ്ഞു. ഇടതുപക്ഷത്ത് നിരവധി നക്ഷത്രങ്ങളുണ്ട്. ജനങ്ങൾ നെഞ്ചേറ്റുമ്പോൾ ചിലർ നഷത്രങ്ങളായി മാറുന്നു. ബാലൻ മുതൽ പിണറായി വിജയൻ വരെ നഷത്രങ്ങളായത് ജനങ്ങൾക്കിടയിലെ പ്രവത്തനം കൊണ്ടെന്നും പാർലമെന്ററി രംഗത്ത് മാത്രമല്ല ഇടതുപക്ഷത്തെ നക്ഷത്രങ്ങൾ ശോഭിക്കുകയെന്നും സരിൻ കൂട്ടിച്ചേർത്തു.
Content Highlights: P Sarin alleges SDPI help at udf win at palakkad