'വോട്ടിന് വേണ്ടി ലീഗ് എന്തും ചെയ്യാന്‍ തയ്യാറായി; വിമര്‍ശനം സാദിഖലി തങ്ങളുടെ നിലപാടിനെതിരെ': മുഖ്യമന്ത്രി

എസ്ഡിപിഐയേയും ജമാഅത്തെ ഇസ്‌ലാമിയെയും കൂടെ കൂട്ടുന്ന നിലയിലേക്ക് ലീഗെത്തിയെന്ന് പിണറായി വിജയന്‍

dot image

കോഴിക്കോട്: മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബാബരി മസ്ജിദ് തകര്‍ത്തതില്‍ മുസ്‌ലിം ലീഗ് സ്വീകരിച്ച നിലപാടിലാണ് വീണ്ടും വിമര്‍ശനം. ലീഗ് മന്ത്രിസ്ഥാനത്തിന് മുന്‍തൂക്കം നല്‍കിയെന്നും കോണ്‍ഗ്രസിന്റെ കൂടെ മന്ത്രിസഭയില്‍ തുടര്‍ന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. സിപിഐഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി ഓഫീസ് കെട്ടിടം (നായനാര്‍ ഭവന്‍) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Pinarayi Vijayan
പിണറായി വിജയന്‍

'ഒറ്റപ്പാലം തിരഞ്ഞെടുപ്പിൽ പാണക്കാട് തങ്ങള്‍ എത്തിയപ്പോള്‍ ലീഗ് അണികള്‍ വിട്ട് നിന്നു. ലീഗ് ഇപ്പോഴും പാഠം പഠിച്ചിട്ടില്ല. അധികാരം നിലനിര്‍ത്താന്‍ വേണ്ടി ലീഗ് വിട്ടു വീഴ്ചയ്ക്ക് തയ്യാറായി. എസ്ഡിപിഐയേയും ജമാഅത്തെ ഇസ്‌ലാമിയെയും കൂടെ കൂട്ടുന്ന നിലയിലേക്ക് എത്തി. വോട്ടിന് വേണ്ടി എന്തും ചെയ്യാന്‍ ലീഗ് തയ്യാറായി. കോണ്‍ഗ്രസിന്റെ രീതി മുസ്‌ലിം ലീഗും പിന്തുടര്‍ന്നു', മുഖ്യമന്ത്രി പറഞ്ഞു.

പാണക്കാട് സാദിഖലി തങ്ങള്‍ക്ക് എതിരെയല്ല, ലീഗിന്റെ നിലപാടിനെതിരെയാണ് തന്റെ വിമര്‍ശനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ രീതി ആത്യന്തികമായി ഗുണം ചെയ്യില്ല. തനിക്കെതിരെയുള്ള വിമര്‍ശനത്തിന് മറുപടി പറയുന്നില്ലെന്നും ജ്വല്‍പനങ്ങളോട് പ്രതികരിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചേലക്കരയില്‍ എല്ലാ വര്‍ഗീയ ശക്തികളേയും അണിനിരത്തിയിട്ടും വിജയിക്കാന്‍ കഴിഞ്ഞില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ജനം എല്‍ഡിഎഫിനൊപ്പം അണിനിരന്നെന്നും പാലക്കാട് എല്‍ഡിഎഫിന്റെ വോട്ട് വിഹിതം വര്‍ധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ചേലക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രമ്യ ഹരിദാസിന് വോട്ട് കുറഞ്ഞെന്നും പിണറായി വിജയന്‍ പറഞ്ഞു

'എല്‍ഡിഎഫ് മുന്നേറ്റം ഉണ്ടാക്കി. ലോക്‌സഭ തിരഞ്ഞെടുപ്പിന് കിട്ടിയതിലും കൂടുതല്‍ വോട്ട് ലഭിച്ചു. എല്‍ഡിഎഫിന് നല്ല ജനപിന്തുണ ലഭിച്ചു. പാലക്കാടും വയനാടും കോണ്‍ഗ്രസിന്റെ മണ്ഡലങ്ങളാണ്. ബിജെപിക്ക് തകര്‍ച്ച ഉണ്ടായി. ബിജെപിയുമായുള്ള അകലം കുറയ്ക്കാനായി. തിരഞ്ഞെടുപ്പ് ഫലം കരുത്ത് പകരുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Content Highlights: Pinarayi Vijayan again criticize Muslim League

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us