തിരുവനന്തപുരം: പാലക്കാട്ടെ തോല്‍വിയില്‍ പ്രതികരിക്കാതെ ബിജെപി നേതാവ് വി മുരളീധരന്‍. മഹാരാഷ്ട്രയുടെ ചുമതലയാണ് തനിക്ക് നല്‍കിയത്. അതിനെക്കുറിച്ച് സംസാരിക്കാം. പാലക്കാട്ടെ തോല്‍വിയെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നും മുരളീധരന്‍ പറഞ്ഞു.
'ആഗസ്ത് മാസം പകുതി മുതല്‍ കഴിഞ്ഞ ദിവസം വരെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പാണ് ശ്രദ്ധിച്ചത്. ഇവിടെ എന്തൊക്കെയാണ് പദ്ധതിയിട്ടത്, എന്തൊക്കെ നടപ്പിലാക്കി, എന്തൊക്കെ നടപ്പിലാക്കിയില്ല എന്നെല്ലാം പാര്‍ട്ടി വിലയിരുത്തും. ബാക്കിയെല്ലാം പ്രസിഡന്റ് പറയും. മഹാരാഷ്ട്രയെക്കുറിച്ചറിയാന്‍ താല്‍പര്യമുണ്ടെങ്കില്‍ പറഞ്ഞുതരാം', എന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം.
പാലക്കാട് പാര്‍ട്ടി നേരിട്ട തിരിച്ചടിക്ക് പിന്നാലെ കെ സുരേന്ദ്രനെതിരെ ബിജെപിയില്‍ പടയൊരുക്കം ശക്തമായിട്ടുണ്ട്. കൃഷ്ണദാസ് പക്ഷം ഉള്‍പ്പടെ നേതൃത്വത്തിന്റെ വീഴ്ചയ്ക്കെതിരെ രംഗത്തെത്തി. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ സന്ദീപ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ എത്തിയത് വരെ ബിജെപിക്ക് തിരിച്ചടിയായെന്നാണ് വിമര്‍ശനം.
പാലക്കാട് സി കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ നേതൃത്വത്തിന് വീഴ്ചപറ്റിയെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സന്ദീപ് വാര്യരെ അപമാനിച്ച് ഇറക്കിവിട്ടതിന് പിന്നിലും ഔദ്യോഗിക പക്ഷത്തിന്റെ കടുംപിടുത്തമാണെന്നും വിമര്‍ശനമുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാന്‍ സംസ്ഥാന പ്രസിഡന്റിന് സാധിച്ചില്ലെന്നും വിമര്‍ശനമുണ്ട്.
Content Highlights: V Muraleedhan is not Ready to Talk About Bjps Palakkad Failure