'മുസ്‌ലിങ്ങളിലെ അമ്പത് ശതമാനത്തെയും നിയന്ത്രിക്കുന്നത് എസ്ഡിപിഐ', സരിന്റെ വാദം തന്നെയാണോ എംബി രാജേഷിനും: ബൽറാം

സംഘപരിവാര്‍ പ്രൊപ്പഗണ്ടകള്‍ ഒന്നിനു പുറകേ ഒന്നായി എന്തിനാണ് ഈ സിപിഎമ്മുകാരും അവരുടെ സ്വതന്ത്ര വേഷധാരികളും ഏറ്റെടുക്കുന്നതെന്നും ബല്‍റാം ചോദിച്ചു

dot image

പാലക്കാട്: പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. പി സരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. പാലക്കാട്ടെ മുസ്‌ലിം വോട്ടര്‍മാരില്‍ അമ്പത് ശതമാനത്തെയും നിയന്ത്രിക്കുന്നത് എസ്ഡിപിഐ ആണെന്ന സരിന്റെ പരാമര്‍ശത്തിനെതിരെയാണ് ബല്‍റാം രംഗത്തെത്തിയിരിക്കുന്നത്. അപകടരമായ വാദമാണ് സരിന്‍ നടത്തിയതെന്നും സംഘപരിവാറിന്റെ വാദമാണിതെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

V T Balram
വി ടി ബല്‍റാം

'എത്ര അപകടകരമായ വാദമാണിത്! മുസ്‌ലിങ്ങളിലെ അമ്പത് ശതമാനത്തിന്റേയും രാഷ്ട്രീയ അഭിരുചികളെ നിയന്ത്രിക്കുന്നത് എസ്ഡിപിഐ പോലുള്ളവരാണെന്നത് സംഘപരിവാറിന്റെ വാദമാണ്. സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തുന്നവരിലെ 98%വും മുസ്‌ലിങ്ങളാണെന്ന് കെ ടി ജലീല്‍ എംഎല്‍എ ഉന്നയിച്ച ഗുരുതരമായ ദുരാരോപണത്തിന് ശേഷമാണ് ഇപ്പോള്‍ മറ്റൊരു എല്‍ഡിഎഫ് സ്വതന്ത്രന്‍ ഇങ്ങനെ പറയുന്നത്. സംഘപരിവാര്‍ പ്രൊപ്പഗണ്ടകള്‍ ഒന്നിനു പുറകേ ഒന്നായി എന്തിനാണ് ഈ സിപിഎമ്മുകാരും അവരുടെ സ്വതന്ത്ര വേഷധാരികളും ഏറ്റെടുക്കുന്നത്', ബല്‍റാം ചോദിക്കുന്നു.

സിപിഐഎമ്മിന്റെ തിരഞ്ഞെടുപ്പ് മുന്നില്‍ നിന്ന് നയിച്ച മന്ത്രി എം ബി രാജേഷിനും മുസ്‌ലിങ്ങളുടെ രാഷ്ട്രീയ അഭിപ്രായ രൂപീകരണത്തേക്കുറിച്ച് സ്ഥാനാര്‍ത്ഥിയുടെ ഇതേ കാഴ്ചപ്പാട് തന്നെയാണോ എന്നാണ് ഇനിയറിയേണ്ടതെന്നും ബല്‍റാം പറയുന്നു.

തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സരിന്‍ ഒരു മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലായിരുന്നു വിവാദപരാമര്‍ശം നടത്തിയത്. 30,000ത്തിലധികം വരുന്ന പാലക്കാടെ മുസ്‌ലിം വിഭാഗങ്ങളില്‍ 50 ശതമാനം വരുന്ന മുസ്‌ലിങ്ങളെയും നിയന്ത്രിക്കുന്നത് എസ്ഡിപിഐയാണോയെന്ന ചോദ്യത്തിന് ആ രീതിയില്‍ വേണം അനുമാനിക്കാനെന്നായിരുന്നു സരിന്റെ മറുപടി.

P Sarin
പി സരിൻ

മതന്യൂനപക്ഷ വോട്ടുകള്‍ നേടാന്‍ കോണ്‍ഗ്രസ് കൂട്ടുപിടിച്ചത് എസ്ഡിപിഐയെയാണെന്ന് സരിന്‍ റിപ്പോര്‍ട്ടറിനോടും പ്രതികരിച്ചിരുന്നു. യുഡിഎഫിന്റെ ഘടകകക്ഷികളെക്കാള്‍ അക്ഷീണം പ്രവര്‍ത്തിച്ചതും എസ്ഡിപിഐയാണെന്നും മതേതര കേരളത്തില്‍ എസ്ഡിപിഐയ്ക്ക് വളരാന്‍ കഴിയില്ലെന്നും സരിന്‍ പറഞ്ഞിരുന്നു. വര്‍ഗീയ വിളവെടുപ്പിന് അവര്‍ക്ക് അയഞ്ഞ മണ്ണ് ആവശ്യമാണ്. അതിന് കോണ്‍ഗ്രസാണ് നല്ലതെന്നും സരിന്‍ പറഞ്ഞു. എസ്ഡിപിഐയുടെ മതം പറഞ്ഞുണ്ടായ സ്വീകാര്യതയെ കോണ്‍ഗ്രസ് കയറൂരി വിടുന്നുവെന്നും വീടുകള്‍ കയറാനും പള്ളിയില്‍ കയറിനിരങ്ങാനും കോണ്‍ഗ്രസ് അവരെ അനുവദിക്കുന്നുവെന്നും സരിന്‍ ആരോപിച്ചു.

Also Read:

കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ എസ്ഡിപിഐ വോട്ട് നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതെന്ന് സിപിഐഎം നേതാക്കള്‍ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ എസ്ഡിപിഐ വിജയാഹ്ലാദവും നടത്തിയിരുന്നു. എന്നാല്‍ എസ്ഡിപിഐ വോട്ടുകള്‍ ലഭിച്ചെന്ന ആരോപണത്തെ രാഹുല്‍ മാങ്കൂട്ടത്തില്‍ തള്ളിപ്പറഞ്ഞു.

പാലക്കാട് എസ്ഡിപിഐയുടെ വോട്ട് കിട്ടി എന്ന് പറയുന്നത് ശരിയല്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. എസ്ഡിപിഐയെ ഏറ്റവുമധികം എതിര്‍ക്കുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്നും അദ്ദേഹം പറഞ്ഞു. ഓരോ ഘട്ടത്തിലും ബിജെപിക്ക് സമാനമായി വര്‍ഗീയത പ്രചരിപ്പിക്കാനാണ് സിപിഐഎം തിരഞ്ഞെടുപ്പില്‍ ശ്രമിച്ചതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.

Content Highlights: VT Balram against P Sarin in Palakkad SDPI vote statement

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us