Jan 24, 2025
05:08 AM
പത്തനംതിട്ട: പത്തനംതിട്ട ചുട്ടിപ്പാറ നഴ്‌സിങ് കോളേജ് വിദ്യാര്‍ത്ഥി അമ്മു സജീവിന്റെ മരണത്തില്‍ മൂന്ന് സഹപാഠികളെ കസ്റ്റഡിയില്‍ വിട്ടു. ആത്മഹത്യാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അലീന, അഷിത, അഞ്ജന എന്നിവരെ ഇന്ന് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ മാസം 27 രാവിലെ പതിനൊന്ന് മണി വരെയാണ് കസ്റ്റഡി.
ഈ മാസം 15നാണ് അമ്മു സജീവ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹപാഠികളില്‍ നിന്ന് മാനസിക പീഡനമുണ്ടായെന്നും സഹോദരന്‍ പറഞ്ഞിരുന്നു. റാഗിങും വ്യക്തിഹത്യയും സ്ഥിരമായി നേരിട്ടിരുന്നതായും അമ്മുവിന്റെ മുറിയില്‍ ഈ മൂന്ന് പേര്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞിരുന്നു.
അമ്മുവിന്റെ ഡയറിയില്‍ നിന്നും ലഭിച്ച 'ഐ ക്വിറ്റ്' എന്ന എഴുത്ത് ലഭിച്ചതോടെ ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ ഡയറിയിലുള്ളത് അമ്മുവിന്റെ കയ്യക്ഷരമല്ലെന്ന് പിതാവ് പറഞ്ഞു. അമ്മുവിന് ഡയറി എഴുതുന്ന സ്വഭാവമില്ലെന്നും മറ്റാരെങ്കിലും എഴുതിയതാകാമെന്നും കുടുംബം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണവിധേയരായ സഹപാഠികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
Content Highlights: 3 accused in Ammu Sajeev under custody