ചേലക്കര: ചേലക്കര ഉപതിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ആദ്യമായി യു ആര്‍ പ്രദീപിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മുന്‍ മന്ത്രിയും ആലത്തൂര്‍ എംപിയുമായ കെ രാധാകൃഷ്ണന്‍. 'Don't judge us, comrades', എന്ന കുറിപ്പോടെയാണ് പ്രദീപിനൊപ്പമുള്ള ചിത്രം സമൂഹമാധ്യമമായ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും പങ്കുവെച്ചിരിക്കുന്നത്.
ചേലക്കര തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ രാധാകൃഷ്ണന്‍ സജീവമാകുന്നില്ലെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ചേലക്കരയില്‍ മത്സരം കടുക്കുമെന്ന വിലയിരുത്തലുകളുമുണ്ടായിരുന്നു. എന്നാല്‍ 12,122 വോട്ടുകള്‍ക്കാണ് ചേലക്കരയില്‍ യു ആര്‍ പ്രദീപ് വിജയിച്ചത്. പിന്നാലെ കള്ളപ്രചരണങ്ങളും വ്യക്തിഹത്യയും പണക്കൊഴുപ്പും കൊണ്ട് ചേലക്കരയിലെ ജനങ്ങളുടെ ഇടതുപക്ഷത്തോടുള്ള വിശ്വാസ്യത തകര്‍ക്കാമെന്ന് കരുതിയവര്‍ക്ക് തെറ്റിയെന്ന് പറഞ്ഞ് എല്ലാവര്‍ക്കും നന്ദി അറിയിച്ച് രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. വിജയാഘോഷങ്ങളുടെ വീഡിയോകളും പങ്കുവെച്ച രാധാകൃഷ്ണന്‍ ഇന്നാണ് പ്രദീപിനൊപ്പമുള്ള ചിത്രം പങ്കുവെക്കുന്നത്.
ചേലക്കരയില്‍ 72.29 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. മുന്‍ തിരഞ്ഞെടുപ്പില്‍ 77.40 ശതമാനം വോട്ടാണ് ഇവിടെ രേഖപ്പെടുത്തിയത്. ചേലക്കരയില്‍ യുഡിഎഫ് വേണ്ടി രമ്യ ഹരിദാസും എന്‍ഡിഎയ്ക്ക് വേണ്ടി കെ ബാലകൃഷ്ണനുമാണ് മത്സരിച്ചത്. യു ആര്‍ പ്രദീപ് 64,827 വോട്ടുകള്‍ നേടിയപ്പോള്‍ രമ്യ ഹരിദാസ് 52,626 വോട്ടുകള്‍ കരസ്ഥമാക്കി. കെ ബാലകൃഷ്ണന്‍ 33,609 വോട്ടുകളും നേടി.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പിന്നില്‍ പോയ കെ രാധാകൃഷ്ണന്റെ ബൂത്തും സിപിഐഎം ഇത്തവണ തിരിച്ചുപിടിച്ചിട്ടുണ്ട്. യു ആര്‍ പ്രദീപിന് 328 വോട്ടും രമ്യാ ഹരിദാസിന് 302 വോട്ടുമാണ് ലഭിച്ചത്. അധികമായി 26 വോട്ടുകളാണ് എല്‍ഡിഎഫ് ബൂത്തില്‍ ഉറപ്പിച്ചത്.
2021ല്‍ 39,400 വോട്ടിന്റെ ഭൂരിപക്ഷത്തിന് രാധാകൃഷ്ണനെ വിജയിപ്പിച്ച മണ്ഡലമാണ് ചേലക്കര. രാധാകൃഷ്ണന്റെ പിന്തുടര്‍ച്ചയായി പ്രദീപിനെ ചേലക്കര സ്വീകരിച്ചതിന്റെ തെളിവുകൂടിയാണ് മികച്ച ഭൂരിപക്ഷം. കഴിഞ്ഞ 28 വര്‍ഷത്തില്‍ 23 വര്‍ഷവും രാധാകൃഷ്ണനായിരുന്നു ഇവിടെ ജനപ്രതിനിധി. അഞ്ച് വര്‍ഷം യു ആര്‍ പ്രദീപും മണ്ഡലം നിലനിര്‍ത്തി. മണ്ഡലത്തില്‍ നിന്നുള്ള വ്യക്തിയെന്ന പരിഗണനയും സൗമ്യനായ വ്യക്തിയെന്ന പരിവേഷവും പ്രദീപിന് ഗുണം ചെയ്തുവെന്നാണ് വിലയിരുത്തല്‍.
Content Highlights: K Radhakrishnan Social media post with U R Pradeep