മലപ്പുറം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ താൻ പരിഹസിച്ചിട്ടില്ലെന്ന് ആവർത്തിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. മുഖ്യമന്ത്രി പിണറായി വിജയനെയാണ് താൻ വിമർശിച്ചതെന്നും അതാണ് സമസ്തയ്‌ക്കെതിരായി മാധ്യമങ്ങൾ പ്രചരിപ്പിച്ചതെന്നും പിഎംഎ സലാം പ്രതികരിച്ചു.
ഈ തിരഞ്ഞെടുപ്പിന്‍റെ തുടക്കം മുതൽ മുഖ്യമന്ത്രി കളിച്ചുകൊണ്ടിരിക്കുന്ന വർഗീയ കാർഡിനെക്കുറിച്ച് നന്നായി അറിയാം. അദ്ദേഹത്തിൻറെ പ്രസ്താവനകളും പ്രചരണങ്ങളും എല്ലാവർക്കുമറിയാം. അപ്പോഴാണ് അദ്ദേഹം സ്വന്തം കാലിലെ മന്ത് മറയ്ക്കാൻ മുസ്ലിം ലീഗിൻറെ തലയിലേക്ക് ഓരോന്ന് ഇടുന്നതെന്നും സലാം ആരോപിച്ചു.
അദ്ദേഹമടക്കമുള്ള സിപിഐഎം നേതാക്കന്മാർ പാണക്കാട് കുടുംബത്തെക്കുറിച്ചും തങ്ങളെക്കുറിച്ചും പറഞ്ഞ പ്രസ്താവനകൾ ഇന്നും ജീവനോടെ നിലനിൽക്കുന്നുണ്ട്. തങ്ങളെ അപമാനിച്ച് മുസ്ലിം ലീഗിനെ തകർക്കാമെന്ന ധാരണയാണ് മുഖ്യമന്ത്രിക്ക്. അത് നല്ലതിനല്ലെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിന് പിന്നാലെ പിഎംഎ സലാം കുവൈറ്റിൽ നടത്തിയ പരാമർശമാണ് വിവാദമായത്. പാണക്കാട് തങ്ങൾ അനുഗ്രഹിച്ച സ്ഥാനാർത്ഥി ജയിച്ചു. വേറെ ചിലർ അനുഗ്രഹിച്ച സ്ഥാനാർത്ഥി പരാജയപ്പെട്ടു. ആർക്കൊപ്പമാണ് മുസ്ലിം സമുദായമെന്ന് ബോധ്യപ്പെട്ടു എന്നുമായിരുന്നു പിഎംഎ സലാമിന്റെ പരാമർശം.
പരാമർശം വിവാദമായതിന് പിന്നാലെ പിഎംഎ സലാമിനെതിരെ സംയുക്ത പ്രസ്താവനയുമായി സമസ്ത നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ വിശദീകരണവുമായി പിഎംഎ സലാമും രംഗത്തെത്തിയിരുന്നു.
ജിഫ്രി മുത്തുക്കോയ തങ്ങളെ പരിഹസിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്ദേശിച്ചാണ് പരാമർശം നടത്തിയതെന്നും കഴിഞ്ഞ ദിവസം സലാം പ്രതികരിച്ചു. എന്നാൽ സമസ്തയ്ക്ക് എതിരാണെന്ന് പ്രചരിപ്പിക്കുകയായിരുന്നുവെന്നും പിഎംഎ സലാം പറഞ്ഞു.
Content Highlights: PMA Salam against Pinarayi Vijayan