കൊച്ചി: കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം ആസൂത്രിതമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. ഗിരീഷും ഖദീജയും ഒന്നര മാസം മുൻപേ പദ്ധതിയിട്ടാണ് കൊലപാതകം നടത്തിയത്. പ്രതികൾ നേരത്തെ വന്നു സ്ഥലം പരിശോധിച്ചിരുന്നു. ഡമ്പൽ ഉപയോഗിച്ച് ഇടിച്ചാണ് കൊലപാതകം നടത്തിയത്. പണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.
സംഭവത്തിൽ കൊച്ചി കാക്കനാട് സ്വദേശി ഗിരീഷ് ബാബുവിനെയും സുഹൃത്ത് ഖദീജയേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇൻഫോ പാർക്കിലാണ് ഗിരീഷ് ജോലി ചെയ്തിരുന്നത്. ഖദീജ ബേക്കറി ജീവനക്കാരിയാണ്. സ്വര്‍ണവും പണവും മോഷ്ടിക്കാനായിരുന്നു കൊലപാതകം നടത്തിയതെന്നായിരുന്നു പൊലീസ് പറഞ്ഞത്. കേസിലെ രണ്ടാം പ്രതിയാണ് ഖദീജ.
കളമശ്ശേരി കൂനംതൈ-അമ്പലം റോഡിന് സമീപം അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന ജെയ്‌സി എബ്രഹം (55) ആണ് കൊല്ലപ്പെട്ടത്. ഈ മാസം 17ന് രാത്രിയിലായിരുന്നു ജെയ്‌സി കൊല്ലപ്പെട്ടത്. അപ്പാര്‍ട്ട്‌മെന്റില്‍ തനിച്ചായിരുന്നു ജെയ്‌സി താമസിച്ചിരുന്നത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായത്.
അപ്പാര്‍ട്ട്‌മെന്റിലെ അയല്‍വാസികളുമായി ജെയ്‌സിയ്ക്ക് വലിയ അടുപ്പമില്ലായിരുന്നു. അതുകൊണ്ട് തന്നെ കൊലപാതകത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ഹെല്‍മെറ്റ് ധരിച്ച് അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇയാള്‍ എത്തുന്നതും രണ്ട് മണിക്കൂറിന് ശേഷം തിരിച്ചുപോകുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്.
മകളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് പരിശോധനയിലായിരുന്നു അപ്പാര്‍ട്ട്‌മെന്റില്‍ ജെയ്‌സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ കാനഡയിലുള്ള മകള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
Content Highlights: Police say the Kalamassery murder was planned