15 ലക്ഷം വിലയുള്ള ടാറ്റ നെക്‌സോൺ ഉൾപ്പെടെയുള്ള കാലപ്പഴക്കമില്ലാത്ത വാഹനങ്ങൾ; കട്ടപ്പുറത്ത് ഒരുപാടുണ്ട് വണ്ടികൾ

ആലപ്പുഴയിലെ പൊലീസ് സ്റ്റേഷനുകളില്‍ 1500 ഓളം വാഹനങ്ങളാണ് നശിക്കുന്നത്.

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നിരവധി വാഹനങ്ങള്‍ കട്ടപ്പുറത്ത്. പുതിയ വാഹനങ്ങള്‍ അടക്കമാണ് ഉപയോഗ ശൂന്യമായി കിടക്കുന്നത്. ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ നീണ്ട നിരയാണ് കോര്‍പ്പറേഷനുകളിലും പൊലീസ് സ്റ്റേഷനുകളിലും കാണുന്നത്. വലിയ കോടികള്‍ മുടക്കി വാങ്ങി കൂട്ടിയ വാഹനങ്ങള്‍ ചെറിയ പരുക്ക് കാണിച്ച് കട്ടപ്പുറത്താകുകയും പിന്നീട് വീണ്ടും പുതിയ വാഹനങ്ങല്‍ക്ക് വേണ്ടി ടെന്‍ഡര്‍ നല്‍കുന്ന കാഴ്ചയുമാണ് കാണുന്നത്. ഇത്തരത്തില്‍ സ്ഥാപനങ്ങളില്‍ കട്ടപ്പുറത്തായ വാഹനങ്ങളെക്കുറിച്ചുള്ള അന്വേഷണം നടത്തുകയാണ് പ്രത്യേക ലൈവത്തോണിലൂടെ റിപ്പോര്‍ട്ടര്‍.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ വളപ്പില്‍ 15 ലക്ഷം രൂപ വിലയുള്ള ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക് കാറുകള്‍ വരെ കട്ടപ്പുറത്താണ്. മൂന്നുവര്‍ഷവും 11 മാസവും മാത്രം പഴക്കമുള്ള വാഹനമാണിത്. ഒരു വര്‍ഷത്തിലേറെയായി ഈ വാഹനം ഉപയോഗിക്കാതെ കിടക്കുന്നു. വാഹനത്തിനുള്ള തകരാറുകള്‍ ഇതുവരെ നന്നാക്കാന്‍ തയ്യാറായിട്ടില്ല. വാഹനം ശരിയാക്കാത്തതിന്റെ വീഴ്ച ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പിന്റേതാണ്.

ആലപ്പുഴയിലെ പൊലീസ് സ്റ്റേഷനുകളില്‍ 1500 ഓളം വാഹനങ്ങളാണ് നശിക്കുന്നത്. പലതും ഇതിനകം തുരുമ്പെടുത്തിട്ടുണ്ട്. കോടതി നടപടികള്‍ പൂര്‍ത്തിയായ വാഹനങ്ങളും ഉടമകള്‍ ഏറ്റെടുക്കാന്‍ തയ്യാറാവുന്നില്ല എന്നതും ഈ വാഹനങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ കിടന്ന് നശിക്കുന്നതിന് കാരണമാകുന്നുണ്ട്. ആഢംബര വാഹങ്ങളും സ്റ്റേഷനില്‍ തുരുമ്പെടുത്ത് നശിക്കുന്നുണ്ട്. സ്ഥല പരിമിതി മൂലം സ്റ്റേഷന്‍ വളപ്പിന് പുറത്തും വാഹനങ്ങള്‍ സൂക്ഷിച്ചിരിക്കുകയാണ്. മോഷണക്കുറ്റമോ മറ്റേതെങ്കിലും കാരണങ്ങളാലോ ആണ് പൊലീസ് സ്റ്റേഷനില്‍ വാഹനങ്ങള്‍ പിടിച്ചെടുത്തത്.

വളപട്ടണം പൊലീസ് സ്റ്റേഷനിലും കാര്യങ്ങളില്‍ വലിയ മാറ്റമില്ല. കോടികളുടെ മുതലുകളാണ് തുരുമ്പെടുത്ത് നശിക്കുന്നത്. കേസുകളില്‍ പിടിക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്യാന്‍ കഴിയില്ല. വാഹനങ്ങള്‍ ലേലം ചെയ്യാന്‍ നിയമ തടസമുള്ളതും പ്രതിസന്ധികള്‍ വര്‍ധിപ്പിക്കുന്നു. കോഴിക്കോട് കോര്‍പ്പറേഷനില്‍ പഴയ വാഹനങ്ങള്‍ ലേലം ചെയ്യുന്നതും വൈകുകയാണ്. നിരവധി വാഹനങ്ങളാണ് കോര്‍പ്പറേഷന്‍ ഓഫീസിനകത്ത് കാടുകയറി തുരുമ്പെടുത്ത് നശിച്ചു കിടക്കുന്നത്. മാലിന്യ സംസ്‌കരണത്തിനായി ഉപയോഗിച്ച വാഹനങ്ങളാണ് ഇത്തരത്തില്‍ തുരുമ്പെടുത്തു കിടക്കുന്നത്. ഇപ്പോള്‍ തെരുവു നായ്ക്കളുടെയും ഇഴജന്തുക്കളുടെയും തവളമായി മാറുകയാണ് കട്ടപ്പുറത്തായ വാഹനങ്ങള്‍.

കട്ടപ്പുറത്തായ കെഎസ്ആര്‍ടിസി ബസുകളുടെ എണ്ണവും വിരളമല്ല. കൊവിഡ് കാലത്ത് 1736 ബസ്സുകളാണ് പണിമുടങ്ങി കട്ടപ്പുറത്തായത്. ഇതില്‍ 2010 മുതല്‍ 2016 വരെ വാങ്ങിയ ബസുകള്‍ ഉള്‍പ്പെടുന്നു. നാലു മുതല്‍ 10 വര്‍ഷം വരെ പഴക്കമുള്ളവയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 1047 എണ്ണം സ്‌ക്രാപ്പ് ചെയ്യാന്‍ കൊടുത്തു. 689 എണ്ണം സര്‍വീസ് നടത്തുന്നു എന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ ഇതില്‍ പത്ത് ശതമാനം പോലുമില്ലെന്ന് ജീവനക്കാര്‍ പറയുന്നു. കട്ടപ്പുറത്തായതില്‍ ഒരു കോടി വില വരുന്ന എസി ബസ്സുകളുമുണ്ട്.

Content Highlights: Reporter Livathone about useless vehicles in Government institutes

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us