കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവി പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് ആര്‍ റോഷിപാലിനെതിരായ വധഭീഷണിയില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം. ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവ വഴിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭീഷണി. മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാണ് വധഭീഷണിയും ആക്രമണ ആഹ്വാനവും. ഭീഷണി ഉയര്‍ത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങിന്റെ ഭാഗമായി നല്‍കിയ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലവിളി നടത്തിയത്. ഇതില്‍ പൊലീസ് നടപടി ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കുമെന്നാണ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചത്. സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് സൈബര്‍ ടീം നടത്തുന്നത് ക്രിമിനല്‍ രാഷ്ട്രീയമാണെന്ന് ഡിവൈഎഫ്‌ഐയും അപലപിച്ചിരുന്നു.
Content Highlights: Reporter TV filed a complaint with the state police chief regarding threats against R Roshipal