പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; വീണ്ടും ഭാര്യയെ ആക്രമിച്ച രാഹുല്‍ റിമാന്‍ഡില്‍

കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത്

dot image

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി ഗോപാല്‍ റിമാന്‍ഡില്‍. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞമാസം ഹൈക്കോടതി റദ്ദാക്കിയ ഗാര്‍ഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും ഭര്‍ത്താവിന്റെ മര്‍ദനമേറ്റതായി പരാതി വന്നിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ ഭര്‍ത്താവ് രാഹുലിനെതിരെ പൊലീസ് നരഹത്യാശ്രമത്തിനും ഗാര്‍ഹിക പീഡനത്തിനും കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇന്നലെ രാത്രിയാണ് മുഖത്തും തലയ്ക്കും പരിക്കേറ്റ യുവതിയെ രാഹുലും അമ്മയും ചേര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് രാഹുല്‍ കടന്നുകളഞ്ഞു. വിവരമറിഞ്ഞ് ആശുപത്രിയില്‍ എത്തിയ പന്തീരങ്കാവ് പോലീസ് വിവരങ്ങള്‍ ശേഖരിച്ചെങ്കിലും പരാതി ഇല്ലെന്ന നിലപാടില്‍ യുവതി ഉറച്ചുനിന്നു.

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ആംബുലന്‍സില്‍ വെച്ചും യുവതിയെ രാഹുല്‍ മര്‍ദിച്ചിരുന്നു. തുടര്‍ന്ന് അര്‍ദ്ധരാത്രിയോടെ രാഹുലിനെ പൊലീസ് പാലാഴിയില്‍ വച്ച് കരുതല്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്ന് രാവിലെ മാതാപിതാക്കള്‍ വടക്കന്‍ പറവൂരില്‍ നിന്ന് കോഴിക്കോട് എത്തിയ ശേഷമാണ് രേഖാമൂലം പരാതി നല്‍കാന്‍ യുവതി തയ്യാറായത്. മീന്‍ കറിക്ക് ഉപ്പ് കുറഞ്ഞെന്ന കാരണത്താലായിരുന്നു മര്‍ദനമെന്ന് യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.

ഇക്കഴിഞ്ഞ മെയിലാണ് രാഹുലിന് എതിരെ യുവതി ആദ്യ ഗാര്‍ഹിക പീഡന പരാതി നല്‍കിയത്. കേസില്‍ വീഴ്ച വരുത്തിയെന്ന കാരണത്താല്‍ പന്തീരാങ്കാവ് ഇന്‍സ്പെക്ടര്‍ അടക്കം രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ യുവതി പരാതിയില്‍ നിന്ന് പിന്മാറിയതോടെ ഒരു മാസം മുന്‍പ് ഹൈക്കോടതി ഈ കേസ് റദ്ദ് ചെയ്യുകയായിരുന്നു.

Content Highlights-accused rahul remanded on pantheerankavu domestic violence case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us