'മാനസികമായി പീഡിപ്പിച്ചു, ലൈബ്രറിയില്‍ അടച്ചിട്ടു'; ചുട്ടിപ്പാറ നഴ്‌സിങ് കോളേജിനെതിരെ മുൻ വിദ്യാർത്ഥിനി

കഴിഞ്ഞ ദിവസമാണ് ചുട്ടിപ്പാറ നഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ അമ്മു സജീവന്‍ മരിച്ചത്

dot image

പത്തനംതിട്ട: ചുട്ടിപ്പാറ നഴ്‌സിങ് കോളേജിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ വിദ്യാര്‍ത്ഥിനി. ഹാജരില്ലാത്തതിന് തന്നെ അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചിരുന്നു. കോംമ്പന്‍സേഷനായി ദിവസങ്ങളോളം ലൈബ്രറിയില്‍ അടച്ചിട്ടുവെന്നും സെക്യൂരിറ്റി ക്യാബിനില്‍ ഉണ്ടെന്നും ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് വിദ്യാര്‍ത്ഥിനി ഉന്നയിച്ചത്. റിപ്പോർട്ടറിൻ്റെ മോണിങ് ഷോയായ കോഫി വിത്ത് സുജയയിൽ സംസാരിക്കുകയായിരുന്നു വിദ്യാർത്ഥിനി.

'സെക്കന്റ് ഇയറില്‍ പഠിക്കുന്ന സമയത്ത് അവിടുത്തെ ടീച്ചര്‍മാരില്‍ നിന്നും നിരവധി പ്രയാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതിന്റെ പേരിൽ പലപ്പോഴും അറ്റന്‍ഡന്‍സ് കുറയുകയും ചെയ്തിട്ടുണ്ട്. സെക്കന്റ് ഇയറില്‍ കോമ്പന്‍സേഷന്‍ ഉണ്ടെന്ന് പറഞ്ഞ് മൂന്ന് മാസം ലൈബ്രറിയിലിരുത്തി. ഓണം ആഘോഷം നടക്കുകയാണ്. അതിന്റെ തലേ ദിവസം ഒരു ടീച്ചര്‍ എന്റെയടുത്ത് വന്ന് പറഞ്ഞു ഓണാഘോഷം ഒന്നുമില്ല, യൂണിഫോം ഇട്ട് വരണം എന്നൊക്കെ. അന്നും അവരെന്നെ ലൈബ്രറിയില്‍ ഇരുത്തി. ആരും കാണാതിരിക്കാന്‍ ലൈബ്രറിയുടെ ഒരു കോണിലാണ് എന്നെ ഇരുത്തിയത്. പുറത്ത് ഓണാഘോഷം നടക്കുകയാണ്. ടീച്ചര്‍മാരും സാറുമാരും എല്ലാം കുറച്ച് കഴിഞ്ഞപ്പോള്‍ പരിപാടി നടക്കുന്ന ഹാളിലേക്ക് പോയി. ഞാന്‍ പുറത്തിറങ്ങാതിരിക്കാന്‍ അവര്‍ ലൈബ്രറി പുറത്തുനിന്നും പൂട്ടി. അന്ന് വല്ലാതെ പ്രയാസം തോന്നി. ഫോണ്‍ കയ്യിലുണ്ടായിരുന്നത് കൊണ്ട് അമ്മയെ വിളിച്ച് ഒരുപാട് കരഞ്ഞു' എന്നും വിദ്യാർത്ഥി വെളിപ്പെടുത്തി.

മെന്റലി ഡ്രെയിന്‍ഡ് ആണ് വല്ലാതെ മാനസികമായി പ്രയാസം തോന്നുന്നുവെന്നും വീട്ടിലേക്ക് വിടണമെന്നും സാറിനോട് പറഞ്ഞതാണ്. പക്ഷേ അദ്ദേഹം എന്നെ നിര്‍ബന്ധിച്ച് പരിപാടി കാണാന്‍ കൊണ്ടുപോയി. ആദ്യമേ മാനസികാവസ്ഥ മോശമായത് കൊണ്ട് എനിക്ക് ആഘോഷത്തിന് കൂടെയെത്തിയപ്പോള്‍ വല്ലാത്ത പ്രയാസം തോന്നി. അന്ന് കരഞ്ഞ് ഞാന്‍ അവിടെനിന്നും ഓടി. ക്ലാസിലെ കുട്ടികളും അധ്യാപകരുമടക്കം എന്റെ പിന്നാലെ ഓടി വന്നു. ആളൊഴിഞ്ഞ ഒരു സ്ഥലത്ത് എത്തിയപ്പോള്‍ അവിടെ നിന്ന് കുറേ കരഞ്ഞു. അപ്പോഴും അവര്‍ വന്ന് വഴക്ക് പറയുകയാണുണ്ടായത്. ലൈബ്രേറിയന്‍ ഇല്ലാത്ത ദിവസങ്ങളില്‍ സാധാരണ ലൈബ്രറി അടച്ചിടുകയാണ് പതിവ്. ആ സമയത്ത് പോലും എന്നെ ക്ലാസില്‍ ഇരുത്തില്ല. സെക്യൂരിറ്റിയുടെ ക്യാബിനില്‍ വരെ എന്നെ ഇരുത്തിയ സമയങ്ങളുണ്ട്. വളരെ റൂഡ് ആയാണ് അവിടെ പഠിപ്പിച്ചിരുന്നത്. ഒരുപാട് ടീച്ചര്‍മാര്‍ എന്നോട് പോകാനൊക്കെ പറഞ്ഞിട്ടുണ്ട്. പഠനം കഴിഞ്ഞ് ഇറങ്ങിയതോടെയാണ് എനിക്ക് സോഷ്യല്‍ ആങ്‌സൈറ്റി വരുന്നത്,' വിദ്യാര്‍ത്ഥിനി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ചുട്ടിപ്പാറ നഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ അമ്മു സജീവന്‍ മരണപ്പെടുന്നത്. സംഭവത്തില്‍ മൂന്ന് സഹപാഠികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹപാഠികളില്‍ നിന്ന് മാനസിക പീഡനമുണ്ടായെന്നും സഹോദരന്‍ പറഞ്ഞിരുന്നു. റാഗിങും വ്യക്തിഹത്യയും സ്ഥിരമായി നേരിട്ടിരുന്നതായും അമ്മുവിന്റെ മുറിയില്‍ ഈ മൂന്ന് പേര്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞിരുന്നു.

Content Highlight: Alumni saysAllegations against Chuttippara nusring college

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us