കൊച്ചി: ബിജെപി നേതൃയോഗത്തില്‍ നിന്നും വിട്ടുനിന്ന് നേതാക്കള്‍. എം ടി രമേശ്, പി കെ കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃയോഗത്തില്‍നിന്നും വിട്ടുനിന്നും. കോര്‍കമ്മിറ്റി വിളിക്കാത്തത്ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ശോഭാ സുരേന്ദ്രന്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ നേരിട്ട വലിയ പരാജയത്തെതുടര്‍ന്ന് കോര്‍ കമ്മിറ്റി ചേരണം എന്നായിരുന്നു കെ സുരേന്ദ്രൻ വിരുദ്ധ പക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഇത് പരിഗണിക്കാതെ സംഘടന പ്രശ്‌നങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുമെന്ന നിലപാടാണ് പ്രതിഷേധത്തില്‍ കലാശിച്ചത്. കൃത്യമായി ആലോചിച്ച് ജാഗ്രതയോടെയായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നേരിട്ട് വിളിച്ച് പറഞ്ഞത് പോലെയാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ പറഞ്ഞ കാര്യങ്ങള്‍ ഭംഗിയായി ശോഭ സുരേന്ദ്രന്‍ ചെയ്തുവെന്ന് അദ്ദേഹം തന്നെ പിന്നീട് വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റമുണ്ടാകുമെന്നും ശോഭ പറഞ്ഞു.
അതേസമയം ബിജെപിയിലെ അസ്വാരസ്യങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് ക്ഷുഭിതനായാണ് കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. ബിജെപിയും എന്‍ഡിഎയും എന്താണെന്ന് അറിയാത്തത് പോലെയാണ് മൂന്ന് ദിവസമായി മാധ്യമങ്ങള്‍ തുള്ളുന്നത്. ഇതിനൊക്കെ മാധ്യമങ്ങള്‍ നിരാശരാകേണ്ടി വരും. ഇന്നത്തെ ബിജെപി യോഗം സജീവ അംഗത്വത്തെക്കുറിച്ചും പ്രാഥമിക അംഗത്വത്തെക്കുറിച്ചും മാത്രമുള്ള ചര്‍ച്ചയാണ്. നിങ്ങള്‍ എന്തൊക്കെയാണ് എഴുതിവിടുന്നത്. 15 കൊല്ലമായി ഡല്‍ഹിയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വി മുരളീധരന്‍ രാജ്യസഭാംഗത്വം നഷ്ടമായതിനെ തുടര്‍ന്ന് കേരള അധ്യക്ഷ പദവി പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന്! എന്തെങ്കിലും അടിസ്ഥാനം ഇതിലുണ്ടോ? ഈ രീതിയിലുള്ള ചവറ് വാര്‍ത്തകളുമായിട്ടാണോ നിങ്ങള്‍ വന്നിരിക്കുന്നത്?' എന്നായിരുന്നു മാധ്യമങ്ങളോട് ക്ഷോഭിച്ചുകൊണ്ട് കെ സുരേന്ദ്രന്‍ പ്രതികരിച്ചത്.
Content Highlight: Fights getting worse in BJP, Leaders stood away from meeting