നവീന്‍ ബാബുവിൻ്റെ മരണം: തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിൻ്റെ ഹർജി വിധി പറയാൻ മാറ്റി

തെളിവുകള്‍ സംരക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബിഎസ്എന്‍എല്‍, വോഡാഫോണ്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കുടുബം ആവശ്യമുന്നയിച്ചിരുന്നു

dot image

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി. അടുത്തമാസം മൂന്നിനായിരിക്കും വിധി പ്രസ്താവിക്കുക. പ്രതിയുടെയും സാക്ഷികളുടെയും ഫോണ്‍ കോള്‍ രേഖകള്‍, കളക്ടറേറ്റ് റെയില്‍വേ സ്റ്റേഷന്‍ പരിസരം, ക്വാട്ടേഴ്‌സ് പരിസരം എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ എന്നിവ ശേഖരിച്ച് സൂക്ഷിക്കണമെന്നാണ് ഹര്‍ജിലെ ആവശ്യം.

തെളിവുകള്‍ സംരക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍, ബിഎസ്എന്‍എല്‍, വോഡാഫോണ്‍ അധികൃതര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കുടുബം ഹര്‍ജിയിൽ ആവശ്യമുന്നയിച്ചിരുന്നു. പിപി ദിവ്യ, ജില്ലാ കലക്ടര്‍, പ്രശാന്ത് എന്നിവരുടെ ഫോണ്‍ രേഖകള്‍ സംരക്ഷിക്കണമെന്നാണ് അപേക്ഷ. ദിവ്യയുടെയും കളക്ടറുടെയും സ്വകാര്യഫോണിലെ വിളികളുടെ രേഖകള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നവീന്‍ ബാബു മരിച്ചിട്ട് ഒരുമാസം കഴിഞ്ഞിട്ടും തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഒന്നും ചെയ്യുന്നില്ലെന്നും പി എം സജിത മുഖേന നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

അതേസമയം കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബാംഗങ്ങളുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ, സഹോദരന്‍ പ്രവീണ്‍ ബാബു എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കണ്ണൂര്‍ പൊലീസിന് മൊഴി നല്‍കിയ അതേ വിവരങ്ങള്‍ എസ്‌ഐടിക്കും നല്‍കിയതായി കുടുംബാംഗങ്ങള്‍ പ്രതികരിച്ചു.

നവീന്‍ ബാബുവിന്റെ സംസ്‌കാര ചടങ്ങ് നടന്ന ദിവസമാണ് കണ്ണൂര്‍ പൊലീസ് മഞ്ജുഷയുടെയും പ്രവീണ്‍ ബാബുവിന്റെയും മൊഴി രേഖപ്പെടുത്തിയത്. എസ്‌ഐടി രൂപീകരിച്ച് ആദ്യമായായിരുന്നു മഞ്ജുഷയുടെ മൊഴി രേഖപ്പെടുത്താനെത്തുന്നത്. ഏകദേശം രണ്ട് മണിക്കൂറോളമാണ് മൊഴിയെടുപ്പ് നീണ്ടത്. ആത്മഹത്യയ്ക്ക് മുമ്പ് നവീന്‍ ബാബു എന്തൊക്കെയാണ് മഞ്ജുഷയോട് ഫോണില്‍ സംസാരിച്ചതെന്നാണ് പ്രധാനമായും അന്വേഷിച്ചത്. കണ്ണൂര്‍ കളക്ടര്‍ അരുണ്‍ വിജയനെ വിശ്വാസമില്ലെന്നും മഞ്ജുഷ എസ്‌ഐടിയോട് പറഞ്ഞിരുന്നു.

Content Highlight: Naveen Babu's death; Court to share verdict on plea by family

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us