കൊല്ലം: കൊല്ലം സിപിഐഎം തൊടിയൂര്‍ ലോക്കല്‍ സമ്മേളനത്തില്‍ കയ്യാങ്കളി. ലോക്കല്‍ കമ്മിറ്റിയിലേക്ക് മത്സരം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നം സംഘര്‍ഷത്തിലേക്ക് എത്തിയത്. മത്സരം നടന്നാല്‍ ഔദ്യോഗിക പാനലിലെ ബഹുഭൂരിപക്ഷം പേരും പരാജയപ്പെടുമെന്ന് ബോധ്യപ്പെട്ടതോടെ നേതൃത്വം മത്സരം തടയാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നം ഉണ്ടായത്.
ബാര്‍ മുതലാളിയെയും കുബേര കേസിലെ പ്രതിയെയും നേതൃത്വം പാനലില്‍ ഉള്‍പ്പെടുത്തി അവതരിപ്പിച്ചതും പ്രതിനിധികളെ പ്രകോപ്പിപിച്ചു. കരുനാഗപ്പള്ളി ഏരിയയില്‍ 10 ല്‍ 7 സമ്മേളനങ്ങള്‍ നേരത്തെ മത്സരം ഉണ്ടായതിനെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്നു.
നിര്‍ത്തിവെച്ച സമ്മേളനങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞദിവസമാണ് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊടിയൂര്‍ ലോക്കല്‍ സമ്മേളനം വിളിച്ചത്. നേതൃത്വത്തിന്റെ പാനലിനെതിരെ മത്സരിക്കാന്‍ വന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് നേതൃത്വം താക്കീത് നല്‍കി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രകോപിതാരാവുകയായിരുന്നു.
ഒരു സംഘം പ്രവര്‍ത്തകര്‍ പ്രകടനവുമായെത്തി വലിയ പ്രതിഷേധം ഉയര്‍ത്തി. സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കാനിരിക്കെയാണ് കൊല്ലത്തെ ലോക്കല്‍ സമ്മേളനത്തില്‍ കയ്യാങ്കളി നടക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് ലോക്കല്‍ സമ്മേളനം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
Content Highlight: clash at kollam cpim local meeting