തിരുവനന്തപുരം: തിരുവനന്തപുരം രാമചന്ദ്രന്‍ ടെക്‌സ്‌റ്റൈല്‍സിന്റെ പാചകശാലയിലെ മാലിന്യ പ്രശ്‌നത്തില്‍ ഇടപെടലുമായി നഗരസഭ വള്ളക്കടവ് കൗണ്‍സിലര്‍ ഷാജിത നാസര്‍. പാചകശാല പൂട്ടിക്കുമന്ന് കൗണ്‍സിലര്‍ പറഞ്ഞു. പാചകശാല അടച്ചുപൂട്ടണമെന്ന് ഒരാഴ്ച മുന്‍പ് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ വാക്ക് പാലിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. തന്നത് ഒരു വാക്കും കാണിക്കുന്നത് മറ്റൊന്നാണെന്നും കൗണ്‍സിലര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ലൈവത്തോണ്‍ വിഷയം ചർച്ച ചെയ്തുകൊണ്ടിരിക്കെയായിരുന്നു കൗണ്‍സിലറുടെ ഇടപെടൽ.
സ്ഥലത്ത് പ്രവര്‍ത്തിക്കുന്നത് ഗോഡൗണ്‍ ആണെന്നാണ് തങ്ങളോടാണ് പറഞ്ഞതെന്നും കൗണ്‍സിലര്‍ പറഞ്ഞു. ഒരാഴ്ച മുന്‍പ് തങ്ങള്‍ വന്ന് പരിശോധിച്ചപ്പോള്‍ ഇവിടെ ഭക്ഷണം പാകം ചെയ്യുന്നുണ്ടായിരുന്നു. അന്ന് താക്കീത് നല്‍കിയതാണ്. നാട്ടുകാരുടെ പ്രശ്‌നം പരിഹരിച്ച ശേഷം മാത്രം ഗോഡൗണ്‍ പ്രവര്‍ത്തനം തുടര്‍ന്നാല്‍ മതിയെന്ന് പറഞ്ഞിരുന്നു. ഒരു മാസത്തിനകം ഇവിടെ നിന്ന് മാറുമെന്നാണ് അവര്‍ പറഞ്ഞതെന്നും കൗണ്‍സിലര്‍ വ്യക്തമാക്കി.
രാമചന്ദ്രന്‍ ടെക്‌സ്റ്റൈല്‍സ് ജീവനക്കാര്‍ക്ക് നല്‍കാനായി ഭക്ഷണമുണ്ടാക്കുന്ന പാചകശാല നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് റിപ്പോര്‍ട്ടര്‍ ചാനല്‍ ലൈവാത്തോണിലൂടെ തുറന്ന് കാണിച്ചിരുന്നു. പാചകശാലയില്‍ നിന്ന് പുറന്തള്ളപ്പെടുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ പ്രദേശത്ത് വലിയ തോതില്‍ കെട്ടിക്കിടക്കുകയാണ്.
ഇതിന് പുറമേ മനുഷ്യ വിസര്‍ജ്യങ്ങള്‍ അടക്കം തുറസ്സായ സ്ഥലത്തേയ്ക്കാണ് ഒഴുക്കിവിടുന്നത്. മലിന ജലത്തിൻ്റെ ദുര്‍ഗന്ധം കാരണം പ്രദേശത്തെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. ഇരുപതോളം കുടുംബങ്ങളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. പ്രദേശത്ത് ജലജന്യ രോഗങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. രാമചന്ദ്രന്‍ ടെക്‌സ്റ്റൈല്‍സ് ജീവനക്കാര്‍ക്കായി വന്‍തോതില്‍ ഭക്ഷണം പാചകം ചെയ്യുന്നത് ലൈസന്‍സ് വാങ്ങാതെയാണെന്നുള്ള ആരോപണവുമുണ്ടായിരുന്നു. മാലിന്യ നിര്‍മാര്‍ജനത്തിന് മതിയായ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നില്ല.
ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പ് പ്രദേശവാസികള്‍ വിഷയം കണ്‍സള്‍ട്ടന്റ് ജയകുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇതിന് പുറമേ ഇക്കഴിഞ്ഞ ജൂലൈയില്‍ മേയര്‍ ആര്യ രാജേന്ദ്രനും വിഷയത്തില്‍ ഇടപെട്ടു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടിയെടുത്തിരുന്നു. മേയര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വീഡിയോ സഹിതം വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറവും കൃത്യമായ നടപടിയുണ്ടായില്ല. ഇതോടെ കഴിഞ്ഞ ദിവസം പ്രദേശവാസികള്‍ കൂട്ടത്തോടെ ഭക്ഷണശാലയിലെത്തി പ്രതിഷേധിച്ചു. ഇതോടെ അധികൃതര്‍ മാലിന്യം മണ്ണിട്ട് മൂടുകയായിരുന്നു.
Content Highlights- councilor shajitha nasar reaction on ramachandran textiles drinage issue