തിരുവനന്തപുരം: മനോരമയുടെ വ്യാജ വാർത്തയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐഎം. തദ്ദേശ ഭരണസ്ഥാപനങ്ങളിൽ എസ്ഡിപിഐയും ജമാത്തെ ഇസ്ലാമിയും ചേർന്ന് എൽഡിഎഫ് ഭരണമുണ്ടാകുന്നു എന്ന മനോരമ വാര്‍ത്തയ്‌ക്കെതിരെയാണ് സിപിഐഎം നിയമനടപടിക്കൊരുങ്ങുന്നത്. നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് വ്യക്തമാക്കിയിരിക്കുന്നത്.
മനോരമ വാർത്തയിലുള്ളത് പോലെ എസ്ഡിപിഐ പിന്തുണ സ്വീകരിച്ചിട്ടില്ലെന്നാണ് സിപിഐഎം വ്യക്തമാക്കുന്നത്. വാർത്തയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്ന് വ്യക്തമാക്കിയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് വാർത്തക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. വാർത്തയുമായി ബന്ധപ്പെട്ട് സിപിഐഎം-എസ്ഡിപിഐ പിന്തുണയെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്ന പഞ്ചായത്തുകളിൽ എന്താണ് സംഭവിച്ചിരിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് കക്ഷിനില ചൂണ്ടിക്കാണിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
പത്തനംതിട്ട മുൻസിപ്പാലിറ്റിയിൽ ചെയർമാൻ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വ്യക്തിയ്ക്ക് മൂന്ന് സ്വതന്ത്ര സ്ഥാനാർത്ഥികളാണ് വോട്ട് ചെയ്തതെന്നാണ് സിപിഐഎം വ്യക്തമാക്കുന്നത്. ഇതിലൊരാളെ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തുവെന്നും തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് എസ്ഡിപിഐയിലെ മൂന്നംഗങ്ങൾ വിട്ടു നിൽക്കുകയായിരുന്നുവെന്നുമാണ് സിപിഐഎമ്മിൻ്റെ വിശദീകരണം.
എന്നാൽ കോട്ടങ്ങൽ പഞ്ചായത്തിൽ എന്താണ് സംഭവിച്ചതെന്നും സിപിഐഎം വിശദീകരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ എൽഡിഎഫിനെയാണ് പിന്തുണച്ചത്. പാർട്ടി ആവശ്യപ്പെടാതെ തന്നെയായിരുന്നു തീരൂമാനം. എസ്ഡിപിഐ പിന്തുണയോടെ വിജയിച്ചതിനാൽ എൽഡിഎഫ് പ്രസിഡന്റ് രണ്ട് വട്ടം സ്ഥാനം രാജി വെച്ചിരുന്നു. മൂന്നാമത്തെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് വീണ്ടും രാജി വെച്ചാൽ സ്ഥാനാർത്ഥി വിജയിക്കുമെന്ന സാഹചര്യമുണ്ടായിരുന്നു. തൃശ്ശൂർ ആവണിശേരി പഞ്ചായത്തുമായി ബന്ധപ്പെട്ടുള്ള സമാനവിഷയത്തിലെ ഹൈക്കോടതി വിധി ചൂണ്ടിക്കാണിച്ചാണ് ഈ വിഷയത്തിലെ സിപിഐഎം വിശദീകരണം. മൂന്നാംവട്ടവും രാജിവെച്ചാൽ എതിർസ്ഥാനാർത്ഥി വിജയിയായി പ്രഖ്യാപിക്കുമെന്ന് ഹൈക്കോടതി വിധിയാണ് സിപിഐഎം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കോട്ടങ്ങലിൽ മൂന്നാമതും രാജിവെച്ചാൽ എതിരെ മത്സരിച്ച ബിജെപി സ്ഥാനാർത്ഥി അധികാരത്തിൽ വരുമെന്നുള്ളതിനാൽ പ്രസിഡന്റ് സ്ഥാനം രാജി വെച്ചിരുന്നില്ല. ഈ വസ്തുത മനോരമ വളച്ചൊടിക്കാൻ ശ്രമിക്കുന്നു എന്നാണ് സിപിഐഎം ആരോപിക്കുന്നത്.
എൽഡിഎഫിനെ ദുർബലപ്പെടുത്താനുളള ശ്രമമാണ് മനോരമയുടെ ലക്ഷ്യം. എൽഡിഎഫിന് ജനങ്ങളുടെ പിന്തുണ ഇപ്പോഴുമുണ്ട്. ചേലക്കരയിലെ ഉപതിരഞ്ഞെടുപ്പ് ഫലം അതിനുളള തെളിവാണെന്ന് എൽഡിഎഫ് സംസ്ഥാന സെക്രട്ടറിയറ്റ് പറഞ്ഞു.
Content Highlights: CPIM will take legal action against Manorama's fake news