REPORTER LIVATON IMPACT: രാമചന്ദ്രൻ ടെക്‌സ്‌റ്റൈല്‍സിൻ്റെ പാചകശാലയിൽ പരിശോധനയ്‌ക്കെത്തി ആരോഗ്യവകുപ്പ്

കോര്‍പറേഷനില്‍ നിന്നുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് അടക്കമുള്ളവരാണ് പരിശോധനയ്‌ക്കെത്തിയത്

dot image

തിരുവനന്തപുരം: തിരുവനന്തപുരം രാമചന്ദ്രന്‍ ടെക്‌സ്‌റ്റൈല്‍സിന്റെ പാചകശാലയിലെ മാലിന്യ പ്രശ്‌നത്തില്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്. രാമചന്ദ്രന്‍ ടെക്സ്റ്റൈല്‍സിലെ ജീവനക്കാര്‍ക്കായി ഭക്ഷണം പാകം ചെയ്യുന്ന വള്ളക്കടവിലെ കെട്ടിടത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തി. കോര്‍പറേഷനില്‍ നിന്നുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് അടക്കമുള്ളവരാണ് പരിശോധനയ്‌ക്കെത്തിയത്. രണ്ടാഴ്ച മുന്‍പ് രാമചന്ദ്രന്‍ അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ലൈവത്തോണ്‍ വിഷയത്തിൻ്റെ ഗൗരവം ചർച്ച ചെയ്തതിൻ്റെ പിന്നാലെയായിരുന്നു ആരോഗ്യവകുപ്പിൻ്റെ സന്ദർശനം.

Also Read:

നേരത്തേ സ്ഥലത്തെത്തി പരിശോധന നല്‍കിയിരുന്നതായും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. വേസ്റ്റ് നീക്കം ചെയ്ത ശേഷം മണ്ണിട്ട് മൂടാന്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ നടപടിയുണ്ടായില്ല. പാചകശാല അടച്ചുപൂട്ടാനുള്ള നടപടിയുമായി മുന്നോട്ടുപോകുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.

വിഷയത്തില്‍ നഗരസഭ വള്ളക്കടവ് കൗണ്‍സിലര്‍ ഷാജിത നാസറും ഇടപെട്ടിരുന്നു. പാചകശാല അടച്ചുപൂട്ടുമെന്ന് കൗണ്‍സിലര്‍ പറഞ്ഞിരുന്നു. പാചകശാല അടച്ചുപൂട്ടണമെന്ന് ഒരാഴ്ച മുന്‍പ് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ വാക്ക് പാലിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. തന്നത് ഒരു വാക്കും കാണിക്കുന്നത് മറ്റൊന്നാണെന്നും കൗണ്‍സിലര്‍ പറഞ്ഞിരുന്നു.

സ്ഥലത്ത് പ്രവര്‍ത്തിക്കുന്നത് ഗോഡൗണ്‍ ആണെന്നാണ് തങ്ങളോടാണ് പറഞ്ഞതെന്നും കൗണ്‍സിലര്‍ പറഞ്ഞു. ഒരാഴ്ച മുന്‍പ് തങ്ങള്‍ വന്ന് പരിശോധിച്ചപ്പോള്‍ ഇവിടെ ഭക്ഷണം പാകം ചെയ്യുന്നുണ്ടായിരുന്നു. അന്ന് താക്കീത് നല്‍കിയതാണ്. നാട്ടുകാരുടെ പ്രശ്‌നം പരിഹരിച്ച ശേഷം മാത്രം ഗോഡൗണ്‍ പ്രവര്‍ത്തനം തുടര്‍ന്നാല്‍ മതിയെന്ന് പറഞ്ഞിരുന്നു. ഒരു മാസത്തിനകം ഇവിടെ നിന്ന് മാറുമെന്നാണ് അവര്‍ പറഞ്ഞതെന്നും കൗണ്‍സിലര്‍ വ്യക്തമാക്കിയിരുന്നു.

രാമചന്ദ്രന്‍ ടെക്‌സ്റ്റൈല്‍സ് ജീവനക്കാര്‍ക്ക് നല്‍കാനായി ഭക്ഷണമുണ്ടാക്കുന്ന പാചകശാല നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്ത നല്‍കിയിരുന്നു. പാചകശാലയില്‍ നിന്ന് പുറന്തള്ളപ്പെടുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ പ്രദേശത്ത് വലിയ തോതില്‍ കെട്ടിക്കിടക്കുകയാണ്.

ഇതിന് പുറമേ മനുഷ്യവിസര്‍ജ്യങ്ങള്‍ അടക്കം തുറസ്സായ സ്ഥലത്തേയ്ക്കാണ് ഒഴുക്കിവിടുന്നത്. മലിന ജലത്തിന്റെ ദുര്‍ഗന്ധം കാരണം പ്രദേശത്തെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. ഇരുപതോളം കുടുംബങ്ങളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. പ്രദേശത്ത് ജലജന്യ രോഗങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. രാമചന്ദ്രന്‍ ടെക്‌സ്റ്റൈല്‍സ് ജീവനക്കാര്‍ക്കായി വന്‍തോതില്‍ ഭക്ഷണം പാചകം ചെയ്യുന്നത് ലൈസന്‍സ് വാങ്ങാതെയാണെന്നുള്ള ആരോപണവുമുണ്ടായിരുന്നു. മാലിന്യ നിര്‍മാര്‍ജനത്തിന് മതിയായ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നില്ല.

ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പ് പ്രദേശവാസികള്‍ വിഷയം കണ്‍സള്‍ട്ടന്റ് ജയകുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇതിന് പുറമേ ഇക്കഴിഞ്ഞ ജൂലൈയില്‍ മേയര്‍ ആര്യ രാജേന്ദ്രനും വിഷയത്തില്‍ ഇടപെട്ടു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടിയെടുത്തിരുന്നു. മേയര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വീഡിയോ സഹിതം വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറവും കൃത്യമായ നടപടിയുണ്ടായില്ല. ഇതോടെ കഴിഞ്ഞ ദിവസം പ്രദേശവാസികള്‍ കൂട്ടത്തോടെ ഭക്ഷണശാലയിലെത്തി പ്രതിഷേധിച്ചു. ഇതോടെ അധികൃതര്‍ മാലിന്യം മണ്ണിട്ട് മൂടുകയായിരുന്നു.

Content Highlights- heath ispector and others arrived to inspection in ramachandrans kitchen

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us