കൊച്ചി: പ്ലസ് ടു കോഴക്കേസില്‍ തനിക്കെതിരെ കേസ് നടത്താന്‍ ചെലവാക്കിയ പണം മുഖ്യമന്ത്രി ഖജനാവിലേക്ക് തിരിച്ചടക്കണമെന്ന് കെ എം ഷാജി. 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പേരില്‍ കേസ് നടത്താന്‍ കോടികളാണ് ചെലവാക്കിയത്. പ്രതികാരത്തിന് വേണ്ടിയാണ് കേസ് നടത്തിയത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പൈസ എടുത്തല്ല പ്രതികാരം ചെയ്യേണ്ടത്. ആ പൈസ തിരിച്ചടക്കാനുള്ള മര്യാദയാണ് പിണറായി കാണിക്കേണ്ടതെന്നും കെ എം ഷാജി പറഞ്ഞു.
കെഎം ഷാജിക്കെതിരായ വിജിലന്‍സ് അന്വേഷണം റദ്ദാക്കിയതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഹൈക്കോടതി വിധിയില്‍ ഇടപെടേണ്ടതില്ലെന്ന് നിരീക്ഷിച്ചായിരുന്നു സുപ്രിംകോടതിയുടെ നടപടി. കെ എം ഷാജി കൈക്കൂലി ആവശ്യപ്പെട്ടുവെന്നതിന് ഒരു മൊഴി പോലുമില്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചിരുന്നു.
2014 ല്‍ അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കാനായി കെ എം ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ്. രണ്ട് കേസുകളിലെയും കുറ്റപത്രം ഹൈക്കോടതി കഴിഞ്ഞ വര്‍ഷം റദ്ദാക്കിയിരുന്നു. കോഴ നല്‍കിയ സ്‌കൂളിലെ അധികൃതരുടെ രഹസ്യമൊഴി പരിഗണിക്കാതെയാണ് ഹൈക്കോടതി കുറ്റപത്രം റദ്ദാക്കിയതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആക്ഷേപം. കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്നും കെഎം ഷാജിയുടെ പാര്‍ട്ടിയിലെ പ്രവര്‍ത്തകരാണ് കേസിലെ പരാതിക്കാരെന്നുമുള്ള സര്‍ക്കാര്‍ വാദം സുപ്രിംകോടതി അംഗീകരിച്ചില്ല. കോഴപ്പണം ഉപയോഗിച്ച് കെഎം ഷാജി ഭാര്യ ആശയുടെ പേരില്‍ കോഴിക്കോട് വേങ്ങേരിയില്‍ വീട് നിര്‍മ്മിച്ചുവെന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍. ഈ വീട് ഉള്‍പ്പടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഇഡി റെയ്ഡില്‍ കണ്ടുകെട്ടിയിരുന്നു. എന്നാല്‍ വിജിലന്‍സ് കണ്ടെത്തിയത് തിരഞ്ഞെടുപ്പ് ഫണ്ട് ആണെന്ന കെഎം ഷാജിയുടെ വാദം ഹൈക്കോടതി നേരത്തെ അംഗീകരിച്ചു.
Content Highlights: K M Shaji Reaction Over plus two bribery case verdict