കല്‍പറ്റ∙ വയനാട് നിയുക്ത എംപി പ്രിയങ്ക ഗാന്ധി നാളെ സത്യപ്രതിജ്ഞ ചെയ്യും. 30നും ഡിസംബര്‍ ഒന്നിനും വയനാട് മണ്ഡലത്തില്‍ പര്യടനം നടത്തും. സത്യപ്രതിജ്ഞക്ക് ശേഷമായിരിക്കും മണ്ഡലത്തിലേക്കുള്ള യാത്ര ആരംഭിക്കുക.
ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണന്‍, എന്‍ ഡിഅപ്പച്ചന്‍, കെ എല്‍ പൗലോസ്, പി കെ ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം പ്രിയങ്ക ഗാന്ധിയെ സന്ദർശിക്കാൻ ന്യൂഡൽഹിയിൽ എത്തി. വയനാട് പാര്‍ലമെന്റ് മണ്ഡലം എംപിയായി പ്രിയങ്ക ഗാന്ധിയെ തിരഞ്ഞെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് കൈമാറുന്നതിനാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്. ഇന്നു രാവിലെ പ്രിയങ്കയെ താമസസ്ഥലത്ത് സന്ദര്‍ശിച്ചാണ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്.ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഒപ്പമുണ്ടായിരുന്നു.
ഉരുൾപൊട്ടൽ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട വിഷയം നാളെ പ്രിയങ്ക പാർലമെന്റിൽ ഉന്നയിച്ചേക്കുമെന്ന് ഐ സി ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ സമരം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. നാളെ എംപിമാർ പാർലമെന്റ് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
30ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദർശനം നടത്തുന്നത്. ഒന്നിന് വയനാട് ജില്ലയിലും സന്ദർശനം നടത്തും. ഉപതിരഞ്ഞെടുപ്പില്‍ 4,10,931 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഐഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി വയനാട് മണ്ഡലത്തില്‍ വിജയിച്ചത്.
Content Highlight :Oath tomorrow; Priyanka will tour the constituency for two days