തൃശ്ശൂർ: നാട്ടികയില്‍ അഞ്ച് പേരുടെ ജീവനെടുത്ത വാഹനാപകടത്തിൽ വാഹനം ഓടിച്ചിരുന്ന ക്ലീനറുടെ കുറ്റസമ്മതം. മദ്യലഹരിയിൽ മയങ്ങിപ്പോയതാണെന്ന് ക്ലീനർ അലക്സ് സമ്മതിച്ചു. ഇരുപത് സെക്കന്റ് കണ്ണടച്ചു പോയി. വണ്ടി എന്തിലോ തട്ടുന്നെന്ന് തോന്നിയപ്പോൾ വെട്ടിച്ചു എന്നുമാണ് അലക്സിന്റെ മൊഴി. നിലവിളി ശബ്ദം കേട്ടതോടെ രക്ഷപെടാൻ നോക്കിയെന്നും അലക്സ് കുറ്റസമ്മതം നടത്തി.
അപകട സമയത്ത് അലക്സാണ് വാഹനം ഓടിച്ചിരുന്നത്. കണ്ണൂർ ആലങ്കോട് സ്വദേശിയാണ് അറസ്റ്റിലായ അലക്സ്. സംഭവത്തില്‍ ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ രണ്ടു ദിവസത്തിനകം കോടതിയിൽ അപേക്ഷ നൽകുമെന്നും പൊലീസ് അറിയിച്ചു. ഈ മാസം 26 ന് ആണ് അപകടമുണ്ടായത്.
പുലര്‍ച്ചെ നാലു മണിയോടെ നാട്ടികയില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറിയുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പേര്‍ തല്‍ക്ഷണം മരിച്ചിരുന്നു. മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ടായിരുന്നു. കാളിയപ്പന്‍ (50), നാഗമ്മ (39), ബംഗാഴി (20), ജീവന്‍ (4), മറ്റൊരു കുട്ടി എന്നിവരാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിൽ ഏഴ് പേര്‍ക്ക് പരിക്കേറ്റിരുന്നു.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ദേശീയ പാതയിലായിരുന്നു ഇവര്‍ കിടന്നിരുന്നത്. ഈ ഭാഗം ബാരിക്കേഡ് വെച്ച് അടച്ചിരുന്നു. ഇവ തകര്‍ത്താണ് തടി കയറ്റിയെത്തിയ ലോറി ഇടിച്ചുകയറിയത്. മൂന്ന് മാസത്തോളമായി പ്രദേശത്ത് താമസിച്ച് വരുന്നവരാണ് വാഹനാപകടത്തില്‍ മരിച്ചത്. സ്ഥിരമായി ഇതേ പ്രദേശത്താണ് സംഘം കിടന്നുറങ്ങിയിരുന്നതെന്നും പ്രദേശവാസി റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.
Content Highlights: The statement of the cleaner Alex, who was arrested in the car accident that took the lives of five people Nattiyar, thrissur