തിരുവനന്തപുരം: നഴ്സിംഗ് വിദ്യാർഥി അമ്മുവിന്റെ മാതാപിതാക്കൾ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ടു. ഇരുവരിൽ നിന്നും നല്ല പ്രതികരണം ലഭിച്ചുവെന്നും പൊലീസ് അന്വേഷണത്തിൽ തൃപ്തരാണെന്നും അമ്മുവിന്റെ മാതാപിതാക്കൾ. മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇവർ. ആശുപത്രിയിൽ നിന്നുള്ള അനാസ്ഥയാണ് തങ്ങൾ ചൂണ്ടിക്കാട്ടിയതെന്നും സൗകര്യങ്ങളില്ലാത്ത പ്രൈവറ്റ് ആംബുലൻസിലാണ് മകളെ ആശുപത്രിയിൽ എത്തിച്ചതെന്നും അമ്മുവിൻ്റെ പിതാവ് പറഞ്ഞു. അന്വേഷണത്തിൽ എല്ലാ കാര്യങ്ങളും പുറത്തുകൊണ്ടുവരും എന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. സെന്റർ ഫോർ പ്രൊഫഷനൽ & അഡ്വാൻസ്ഡ് സ്റ്റഡീസ് (സി പാസ്) അന്വേഷണ കമ്മീഷനെ നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചുവെന്നും കുടുംബം പറഞ്ഞു. കൂടുതൽ വിദ്യാർത്ഥികളുടെ മൊഴിയെടുക്കുമെന്ന് ഉറപ്പുനൽകിയെന്നും അതിനുശേഷം മാത്രമേ ഇനി ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകുകയുള്ളുവെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചെന്നും കുടുംബം വ്യക്തമാക്കി.
ഈ മാസം 15നാണ് അമ്മു സജീവ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടുകരെ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് സജീവ് ആരോപിച്ചിരുന്നു. കോളേജ് പ്രിന്‍സിപ്പലും വാര്‍ഡനും പറയുന്ന കാര്യങ്ങള്‍ക്ക് സ്ഥിരതയില്ലെന്നും കോളേജിന് അടുത്ത് നിരവധി ആശുപത്രികള്‍ ഉണ്ടായിട്ടും കുട്ടിയെ ചികിത്സയ്ക്കായി ദൂരേയ്ക്ക് കൊണ്ടുപോയതിൽ സംശയമുണ്ടെന്നും പിതാവ് പറഞ്ഞിരുന്നു. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹപാഠികളില്‍ നിന്ന് മാനസിക പീഡനമുണ്ടായെന്നും സഹോദരനും പറഞ്ഞിരുന്നു.
Content highlight- The Chief Minister assured that the investigation will bring out all the truth; Ammu's parents