ഉദ്യോഗസ്ഥരുടെ പിഴവ്; സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട 534 കോടി രൂപ നഷ്ടപ്പെട്ടു

രാജ്യത്താകെ തൊഴിലുറപ്പ് പദ്ധതി പ്രകാരം ലഭിക്കേണ്ട തൊഴില്‍ ദിനങ്ങളുടെ അളവില്‍ ഇടിവ് സംഭവിച്ചു കൊണ്ടിരിക്കുകയാണ്.

dot image

തൃശ്ശൂര്‍: സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം കൂലിയിനത്തില്‍ നഷ്ടപ്പെട്ടത് 534 കോടി രൂപ. ഈ സാമ്പത്തിക വര്‍ഷം തൊഴിലുറപ്പ് പദ്ധതിയില്‍ ഒന്നേമുക്കാല്‍ കോടിയിലധികം തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെട്ടതോടെയാണിത്. തദ്ദേശവകുപ്പ് സംയോജനത്തിന് പിന്നാലെ ബ്ലോക്ക് തലത്തിലടക്കം പദ്ധതി നിര്‍വഹണത്തില്‍ പരിചയക്കുറവുള്ള ഉദ്യോഗസ്ഥരെത്തിയതോടെ തൊഴില്‍ ദിനങ്ങള്‍ ഉറപ്പ് വരുത്താനായില്ലെന്നാണ് വിലയിരുത്തുന്നത്.

കോര്‍പ്പറേഷനിലും മുനിസിപ്പാലിറ്റിയും ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥര്‍ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെത്തിയിട്ടുണ്ട്. ഇവര്‍ക്ക് നഗരങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയില്ലാത്തതിനാല്‍ വ്യക്തമായ ധാരണയില്ല. ഇതും തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ടതിന് കാരണമായി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5,89,48,429 തൊഴില്‍ ദിനം സൃഷ്ടിച്ചപ്പോള്‍ ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 4,12,87,944 ദിനങ്ങളാണ് സൃഷ്ടിച്ചത്. ഇതോടെ നഷ്ടമായിരിക്കുന്നത് 1,76,60,485 തൊഴില്‍ ദിനങ്ങളാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ആദ്യ ആറുമാസത്തില്‍ തൊഴിലുറപ്പ് കൂലിയായി ലഭിച്ചത് 1962.68 കോടി രൂപയാണ്. തൊഴില്‍ ദിനങ്ങള്‍ കുറഞ്ഞതോടെ ഇത്തവണ ലഭിച്ചത് 1428.56 കോടി രൂപ മാത്രമാണ്.

രാജ്യത്താകെ തൊഴിലുറപ്പ് പദ്ധതി പ്രകാരം ലഭിക്കേണ്ട തൊഴില്‍ ദിനങ്ങളുടെ അളവില്‍ ഇടിവ് സംഭവിച്ചു കൊണ്ടിരിക്കുകയാണ്. മുന്‍ വര്‍ഷം 184 കോടി തൊഴില്‍ ദിനങ്ങളുണ്ടായിരുന്നത് ഈ വര്‍ഷം 154 കോടി തൊഴില്‍ ദിനങ്ങളായി. അതിന് പുറമേയാണ് സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടുന്നത്.

dot image
To advertise here,contact us
dot image