കൊച്ചി: ടര്‍ക്കിഷ് തര്‍ക്കം എന്ന സിനിമയെ ചുവടുപിടിച്ചുള്ള വിവാദം കൂടുതല്‍ തലങ്ങളിലേക്ക്. ലുക്ക്മാന് പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട് തനിക്കും ഭീഷണിവന്നിട്ടില്ലെന്ന് വ്യക്തമാക്കി നടന്‍ സണ്ണി വെയ്‌നും രംഗത്തെത്തി. സിനിമ പിന്‍വലിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് നിര്‍മാതാവിനോട് തിരക്കിയപ്പോള്‍ കൃത്യമായ ഉത്തരം ലഭിച്ചില്ലെന്ന് സണ്ണി വെയ്ന്‍ പറയുന്നു. സിനിമ പിന്‍വലിച്ച വിവരം താന്‍ അറിയുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണെന്നും സണ്ണി വെയ്ന്‍ പറഞ്ഞു.
ഇത്തരത്തിലുള്ള ദൗര്‍ഭാഗ്യകരമായ അവസ്ഥകള്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നും സണ്ണി വെയ്ന്‍ പറഞ്ഞു. ഇത് മലയാള സിനിമയ്ക്ക് ഒരുതരത്തിലും ഗുണം ചെയ്യില്ല. മറിച്ച് ദോഷം മാത്രമേ ഉണ്ടാകുകയുള്ളൂ. ചിത്രത്തിന് മേലുള്ള അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നും മലയാള സിനിമ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും സണ്ണി വെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സണ്ണി വെയ്‌ന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ചെറിയ വേഷത്തിലാണങ്കിലും, ഞാനും കൂടെ ഭാഗമായ ടര്‍ക്കിഷ് തര്‍ക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് യാതൊരു വിധ ഭീഷണിയും എനിക്ക് നേരിട്ടിട്ടില്ല എന്ന് ഞാന്‍ അറിയിക്കുന്നു. സിനിമ പിന്‍വലിക്കുവാനുണ്ടായ സാഹചര്യത്തെ കുറിച്ച് ഞാന്‍ നിര്‍മ്മാതാവിനോട് തിരക്കിയപ്പോള്‍ കൃത്യമായ ഒരുത്തരം എനിക്ക് ലഭിച്ചിരുന്നില്ല. മാത്രവുമല്ല പിന്‍വലിച്ച വിവരം ഞാന്‍ അറിയുന്നത് സോഷ്യല്‍ മീഡിയയിലൂടെയുമാണ്.
എന്തുകൊണ്ടായാലും ഇത്തരത്തിലുള്ള ദൗര്‍ഭാഗ്യകരമായ അവസ്ഥകള്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ഇത് മലയാള സിനിമയ്ക്ക് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്നും മറിച്ച് ദോഷമേ ഉണ്ടാക്കുകയുള്ളൂ എന്നുമാണ് എന്റെ എളിയ അഭിപ്രായം. ഇതിന്റെ മേലുള്ള അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നും മലയാളസിനിമ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
Content Highlights- actor sunny wayne reaction on turkish tharkkam movie controversy