പൊതു അവധി ദിനങ്ങള്‍ പ്രവൃത്തി ദിനമാക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണം;കെസിബിസി വിദ്യാഭ്യാസ, ജാഗ്രത കമ്മീഷനുകള്‍

'മുന്‍കാലങ്ങളില്‍ മേളകള്‍, കലോത്സവങ്ങള്‍ പരിശീലന പരിപാടികള്‍ തുടങ്ങിയവയ്ക്കിടയില്‍ വരുന്ന ഞായറാഴ്ചകളില്‍ അവധി നല്‍കിയിരുന്നെങ്കില്‍ ഇപ്പോള്‍ ആ രീതി പൂര്‍ണ്ണമായും മാറ്റിയിരിക്കുന്നു. '

dot image

തിരുവനന്തപുരം: പൊതു അവധി ദിനങ്ങള്‍ പ്രവൃത്തി ദിവസമാക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്ന് കെസിബിസി വിദ്യാഭ്യാസ, ജാഗ്രത കമ്മീഷനുകള്‍. ഇരു കമ്മിഷനുകളും സംയുക്തമായി പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലൂടെയാണ് ഈ ആവശ്യം ഉന്നയിച്ചത്.

വാര്‍ത്താക്കുറിപ്പ്

പൊതുഅവധി ദിവസമായ ഞായറാഴ്ച വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പ്രവൃത്തി ദിനങ്ങളാക്കിമാറ്റുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. പ്രത്യേകിച്ച്, പൊതു വിദ്യാഭ്യാസ വകുപ്പ് ക്യാമ്പുകള്‍, കലോത്സവങ്ങള്‍, മേളകള്‍, വിവിധ ദിനാചരണങ്ങള്‍ തുടങ്ങിയവ ഞായറാഴ്ച ഉള്‍പ്പെടെയുള്ള പൊതു അവധി ദിവസങ്ങളിലേയ്ക്ക് നിശ്ചയിക്കുന്ന രീതി സമീപകാലങ്ങളില്‍ പതിവായി കണ്ടുവരുന്നു. ഏറ്റവും ഒടുവില്‍ വിദ്യാഭ്യാസ വകുപ്പ് പാഠ്യ പദ്ധതിയുടെ ഭാഗമായ ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകളാണ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി നിശ്ചയിച്ചിരിക്കുന്നത്. പതിനാറായിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന 260 ക്യാമ്പുകളാണ് അത്തരത്തില്‍ കേരളത്തിലുടനീളം സംഘടിപ്പിക്കപ്പെടുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ലിറ്റില്‍ കൈറ്റ്‌സ് പദ്ധതി പ്രശംസാര്‍ഹമാണെങ്കിലും ഞായറാഴ്ചകള്‍ അതിനായി നിശ്ചയിച്ചിരിക്കുന്നത് ആശാസ്യമല്ല.

2024 നവംബര്‍ 17 ഞായറാഴ്ച സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയും നടത്തിയിരുന്നു. 2022 ഒക്ടോബര്‍ 2 ഞായറാഴ്ച അപ്രതീക്ഷിതമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവൃത്തിദിനമായി പ്രഖ്യാപിച്ച നടപടി വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്‍എസ്എസ്, എന്‍സിസി ക്യാമ്പുകളും അധ്യാപക പരിശീലനങ്ങളും ഇത്തരത്തില്‍ ഞായറാഴ്ച ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ പതിവായി നടന്നുവരുന്നുണ്ട്.

മുന്‍കാലങ്ങളില്‍ മേളകള്‍, കലോത്സവങ്ങള്‍ പരിശീലന പരിപാടികള്‍ തുടങ്ങിയവയ്ക്കിടയില്‍ വരുന്ന ഞായറാഴ്ചകളില്‍ അവധി നല്‍കിയിരുന്നെങ്കില്‍ ഇപ്പോള്‍ ആ രീതി പൂര്‍ണ്ണമായും മാറ്റിയിരിക്കുന്നു. അവധി ദിനങ്ങള്‍ നിര്‍ബന്ധിത പ്രവര്‍ത്തി ദിനങ്ങളാക്കികൊണ്ടുള്ള മനുഷ്യാവകാശങ്ങളിലേക്കുള്ള ഇത്തരം കടന്നുകയറ്റങ്ങള്‍ ഒഴിവാക്കപ്പെടുക തന്നെ ചെയ്യണം.

പഠനത്തിന്റെ ഭാഗം തന്നെയായ ഇത്തരം പാഠ്യ-പാഠ്യേതര ക്യാമ്പുകളും പരിശീലന പരിപാടികളും മറ്റും അധ്യായന ദിവസങ്ങളില്‍ തന്നെ ക്രമീകരിക്കുന്ന നയം സര്‍ക്കാര്‍ സ്വീകരിക്കണം. അതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുകയും ചെയ്യണം.

Content Highlights: Government policy of making public holidays working days should be revised; KCBC

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us