മതനിന്ദാ ആക്ഷേപം വന്നതിനെ തുടര്‍ന്ന് 'ടര്‍ക്കിഷ് തര്‍ക്കം' എന്ന ചിത്രം തിയേറ്ററില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന അണിയറ പ്രവര്‍ത്തകരുടെ വാദം വിവാദമായിരിക്കുകയാണ്. പൊളിഞ്ഞുപോയ ഒരു സിനിമയെ രക്ഷിച്ചെടുക്കാന്‍ മനപ്പൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണോ മതനിന്ദാ വിവാദമെന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാമും അണിയറപ്രവര്‍ത്തകരുടെ വാദത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സിനിമ വിജയിപ്പിക്കുന്നതിനായി ഏതെങ്കിലും മതത്തിന്റെ തലയില്‍ ചാരുന്ന സ്ട്രാറ്റജി അങ്ങേയറ്റം വിലകുറഞ്ഞതാണെന്ന് പറഞ്ഞുകൊണ്ടുള്ള യുവാവിന്റെ കുറിപ്പാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ ശ്രദ്ധ നേടുന്നത്.
ജംഷിദ് പള്ളിപ്രത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ടര്‍ക്കിഷ് തര്‍ക്കം എന്ന സിനിമ തിയേറ്ററില്‍ നിന്ന് പിന്‍വലിച്ചു. മതമൗലികവാദികള്‍ മതനിന്ദ ആരോപിച്ച് ഭീഷണപ്പെടുത്തിയതാണ് കാരണം. ഈ വാര്‍ത്ത കണ്ടപ്പോള്‍ പെട്ടെന്ന് മറ്റേതെങ്കിലും യൂണിവേഴ്‌സില്‍ എത്തിയോ എന്ന് സംശയം തോന്നി. രണ്ട് തവണ ശരീരം നുള്ളി നോക്കി. തറയില്‍ ചവിട്ടി കാലുകള്‍ നിലത്താണോ എന്ന് ഒന്നൂടെ ഉറപ്പിച്ചു. സിനിമ ജയിക്കാം, പരാജയപ്പെടാം. എല്ലാ സിനിമയും പ്രതീക്ഷിച്ച വിജയം നേടണമെന്നോ സാമ്പത്തികമായി വിജയം കൈവരിക്കണമെന്നോ ഇല്ല.
ടര്‍ക്കിഷ് തര്‍ക്കം എന്ന സിനിമ തിയേറ്ററില്‍ ഇറങ്ങുന്നു. ആ സമയം തന്നെ ബേസില്‍ ജോസഫിന്റെ സൂക്ഷ്മദര്‍ശനിക്ക് ആളുകള്‍ ഇരച്ചുകയറുന്നു. സിനിമ വിശേഷങ്ങളിലും സിനി ഗ്രൂപ്പുകളിലും സൂക്ഷ്മദര്‍ശിനി മാത്രം ചര്‍ച്ച.
സൂക്ഷ്മദര്‍ശിനിയോടൊപ്പം വലിയ താരനിരയോടെ ഇറങ്ങിയ ടര്‍ക്കിഷ് തര്‍ക്കം ലൈംലൈറ്റില്‍ എവിടെയും ഇല്ല. ചര്‍ച്ചയാവണമല്ലോ. സിനിമ ഇറങ്ങിയത് നാലാള് അറിയണമല്ലോ. നല്ലൊരു മാര്‍ഗ്ഗമുണ്ട്. റിലീസ് ചെയ്ത നാലാം ദിവസം മതതീവ്രവാദികളുടെ ഭീഷണിയും രൂക്ഷമായ വിമര്‍ശനവും കാരണം സിനിമ പിന്‍വലിക്കുകയാണെന്ന് നിര്‍മ്മാതാകള്‍ കഥയിറക്കുന്നു. വാര്‍ത്തയാവുന്നു.
മുസ്‌ലിം സംഘടനകളോ ഏതെങ്കിലും സംസ്ഥാന നേതാക്കളോ ലോക്കല്‍ നേതാക്കളോ ഈ സിനിമയെ കുറിച്ച് ഇതുവരെ മതനിന്ദ ആരോപിച്ചിട്ടില്ല എന്ന കാര്യം അവിടെ നിക്കട്ടെ. ഒരു ദിവസം മണിക്കൂറുകളോളം ഫേസ്ബുക്കിലും ഇന്‍സ്റ്റയിലും ചെലവഴിക്കുന്നവരാണ് ഇത് വായിക്കുന്ന ഭൂരിഭാഗം പേരും. തര്‍ക്കിഷ് തര്‍ക്കം എന്ന സിനിമ മതനിന്ദയാണെന്നും മുസ്‌ലിം വിരുദ്ധമാണെന്നും എഴുതിയ രൂക്ഷമായ വിമര്‍ശനം ആരെങ്കിലും കണ്ടവരുണ്ടോ..? സംവിധായകനും നിര്‍മ്മാതാവിനും ഫോണിലൂടെ ഭീഷണി വന്നതായി പറയുന്നു. ഭീഷണി സന്ദേശം വന്നാല്‍ അവര്‍ പൊലീസില്‍ പരാതി നല്‍കേണ്ടതല്ലേ…? എന്തുകൊണ്ട് പരാതി നല്‍കിയില്ല.
സംസ്ഥാന പൊലീസ് സേനയെ വിശ്വാസമില്ലാത്തവരാണോ കോടികള്‍ മുടക്കി സിനിമയെടുക്കുന്നത്. സിനിമ തിയേറ്ററില്‍ പരാജയപ്പെടുമ്പോഴും ജനശ്രദ്ധ ലഭിക്കാതെയുമാവുമ്പോഴും ഏതെങ്കിലും മതത്തിന്റെ തലയില്‍ ചാരി വിജയിപ്പിക്കാമെന്ന സ്ട്രാറ്റര്‍ജി അങ്ങേയറ്റം വിലകുറഞ്ഞതാണ്. ഹിന്ദുത്വ ഭീകരവാദികളുടെ നിരന്തരം അക്രമത്തിന് ഇരയാവുന്ന ഇന്ത്യയില്‍ പിന്നെയും മുസ്ലീങ്ങളെ ഭീകരവാദികളാക്കിയും അക്രമത്തിന് ഇട്ട് കൊടുക്കുകയും ചെയ്യുകയാണ് ടര്‍ക്കിഷ് സിനിമ അണിയറ പ്രവര്‍ത്തകര്‍. ഈ സിനിമയില്‍ പോലും വലിയൊരു വിഭാഗം മുസ്ലീം സമുദായക്കാരാണ്.
നവാസ് സുലൈമാനി എഴുതി സംവിധാനം ചെയ്ത സിനിമ. ബിഗ് പിക്ച്ചഴ്‌സിന്റെ ബാനറില്‍ നാദിര്‍ ഖാലിദും പ്രദീപ് കുമാറും നിര്‍മ്മാണം. നായകന്‍ ലുക്മാന്‍ , സണ്ണി വെയിന്‍. നായിക ആമിന നിജാം. ഛായാഗ്രഹണം അബ്ദുല്‍ റഹ്‌മാന്‍. സംഗീതം നല്‍കിയത് ഇഫ്തി. ഗാനങ്ങള്‍ ആലപിച്ചത് ദന റാസിഖ്, ഹെഷാം, കള്‍ച്ചര്‍ ഹൂഡ്.
ഇസ്ലാമോഫോബിയ സൃഷ്ടിച്ചായാലും സാമ്പത്തിക ലാഭമുണ്ടായാല്‍ മതി എന്ന് കരുതുന്ന സിനിമയുടെ നിര്‍മ്മാതാക്കളും അണിയറ പ്രവര്‍ത്തകരും കലാകാരന്മാരാണോ അതോ ചെകുത്താന്മാരാണോ എന്ന സംശയമുണ്ട്. എത്രയോ നല്ല സിനിമകള്‍ തിയേറ്ററില്‍ പരാജയപ്പെട്ടിട്ടുണ്ട്. കലാകാരന്മാര്‍ അവരുടെ സിനിമ പരാജയപ്പെടുമ്പോള്‍ വര്‍ഗീയതയും വിദ്വേഷവുമല്ല സമൂഹത്തില്‍ പടര്‍ത്തേണ്ടത്.
രണ്ട് ദിവസം മുമ്പാണ് സംഭലില്‍ അഞ്ച് മുസ്‌ലിങ്ങളെ യുപി പൊലീസ് വെടിവെച്ച് കൊന്നത്. സമൂഹത്തിലടങ്ങിയ വെറുപ്പും വിദ്വേഷവുമാണ് ആ മനുഷ്യരെ കൊന്നത്. പശുവിന്റെ പേരിലും ലിഞ്ചിങ്ങിലും നിരന്തരം ഇന്ത്യയില്‍ കൊലചെയ്യപ്പെട്ടര്‍. നിരന്തരം അക്രമിക്കപ്പെടുന്നവര്‍. സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി ആ വിഭാഗത്തെ പിന്നെയും അന്യായമായി അക്രമിച്ച് അവരുടെ ചോര കുടിച്ചാണെങ്കിലും നിങ്ങളുടെ വയറ് നിറയട്ടെ.
Content Highlight:Heavy criticism in turkish tharkkam movie controversy