കൊച്ചി: താമസ സ്ഥലത്തുനിന്ന് രാസലഹരി പിടിച്ചെടുത്തതിന് പിന്നാലെ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ് ഒളിവില്‍. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നിഹാദ് ഒളിവില്‍ പോയത്. ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചു. നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവതികളും മുന്‍കൂര്‍ ജാമ്യം തേടി. ജാമ്യഹര്‍ജി നാളെ കോടതി പരിഗണിക്കും.
കഴിഞ്ഞ ദിവസമാണ് നിഹാദിന്റെ തമ്മനത്തെ താമസ സ്ഥലത്തു നിന്ന് രാസലഹരിയായ എംഡിഎംഎ പിടികൂടിയത്. ഇതിന് പിന്നാലെ നിഹാദിനെതിരെ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നിഹാദിന്റെ മൂന്ന് സുഹൃത്തുക്കളെയും പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. ഇതിന് തൊട്ടുപിന്നാലെയാണ് നിഹാദും സുഹൃത്തുക്കളും ഒളിവില്‍ പോയത്.
അടുത്തിടെ എല്ലാം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ് നിഹാദ് രംഗത്തെത്തിയിരുന്നു. വിഷാദത്തിലൂടെ കടന്നു പോവുകയാണെന്നും ഇനിയിത് തുടരാനാകില്ലെന്നുമായിരുന്നു യൂട്യൂബിലൂടെ നിഹാദ് പറഞ്ഞത്. വീട്ടുകാര്‍ തന്നെ സ്വീകരിക്കുന്നില്ലെന്നും പണവും പ്രശസ്തിയുമുണ്ടായിട്ട് ഒരു കാര്യവുമില്ലെന്നും നിഹാദ് പറഞ്ഞിരുന്നു. 'തൊപ്പി' എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്നും നിഹാദ് എന്ന യഥാര്‍ത്ഥ വ്യക്തിത്വത്തിലേക്ക് മടങ്ങുക മാത്രമാണ് ജീവിതത്തിലേക്ക് തിരികെവരാനുള്ള ഏക പോംവഴിയെന്നും നിഹാദ് പറഞ്ഞിരുന്നു.
Content Highlights- youtuber thoppi approached court after police took drug case