'അവർക്ക് മറ്റു ലക്ഷ്യങ്ങളില്ല'; വനത്തിൽ കയറിയ സ്ത്രീകൾക്കെതിരെ കേസെടുക്കില്ലെന്ന് ഡിഎഫ്ഒ

സ്ത്രീകൾ വനത്തിൽ കയറിയതിന് മറ്റു ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഡിഎഫ്ഒ പറഞ്ഞു

dot image

കോതമംഗലം: കുട്ടമ്പുഴയിൽ വനത്തിൽ കയറിയ സ്ത്രീകൾക്കെതിരെ കേസെടുക്കില്ലെന്ന് ഡിഎഫ്ഒ. സ്ത്രീകൾ വനത്തിൽ കയറിയതിന് മറ്റു ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഡിഎഫ്ഒ പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് പശുക്കളെ തിരഞ്ഞ് പോയ സ്ത്രീകളെ കൊടുംവനത്തിൽ കാണാതായത്. പൊലീസും അഗ്നിരക്ഷാ സേനയും വനംവകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ ഇവരെ കണ്ടെത്താനായിരുന്നില്ല.

കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിലെ മാളോക്കുടി മായാ ജയൻ, കാവുംപടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരെയാണ് കാണാതായിരുന്നത്. തിരച്ചിലിൽ കാടിനുള്ളിൽ ആറ് കിലോ മീറ്റർ ദൂരത്ത് അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. പശുവിനെ തേടിപ്പോകും വഴി കാട്ടാനയെ കണ്ടതോടെ തങ്ങൾ ചിതറിയോടി എന്ന് 4.15ന് മായ ഭർത്താവിനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു.

പാറപ്പുറത്ത് ഇരിക്കുകയാണെന്നും വെള്ളം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇന്നലെ തിരയാൻ പോയവരും ആനകളുടെ മുൻപിൽ പെട്ടിരുന്നു. ആദ്യമായാണ് തങ്ങൾക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നതെന്നാണ് മൂവരും പ്രതികരിച്ചത്. രക്ഷപ്പെടുത്താൻ സഹായിച്ച എല്ലാവർക്കും ഇവർ നന്ദി അറിയിച്ചു.

'രാത്രി മുഴുവൻ പാറപുറത്താണ് കഴിച്ചുകൂട്ടിയത്. ഉറങ്ങാൻ സാധിച്ചില്ല. ഇരുന്നും കിടന്നുമാണ് ഞങ്ങൾ നേരം വെളുപ്പിച്ചത്. ദൈവമാണ് ആ പാറയുടെ അടുത്ത് കൊണ്ടെത്തിച്ചത്. പോകുന്ന വഴിയിൽ കാട്ടാനയെ കണ്ടു ഭയന്നിരുന്നു. ആനയ്ക്ക് ഞങ്ങളുടെ മണം കിട്ടിയിരുന്നു. ആന ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നപ്പോൾ ഞങ്ങൾ ഓടി മരത്തിന് പിന്നിൽ ഒളിച്ചു. കൂടെയുള്ളവരോട് കൈകൊണ്ട് ശബ്ദം ഉണ്ടാകരുതെന്ന് ആംഗ്യം കാണിച്ചു. ആന പോയതിന് പിന്നാലെ പാറ പുറത്ത് കയറി. രാത്രി മുഴുവൻ അവിടെയായിരുന്നു', കാട്ടിൽ അകപ്പെട്ട അനുഭവം പാറുക്കുട്ടി റിപ്പോർട്ടറിനോട് പങ്കുവെച്ചു.

രാത്രിയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ വനപാലകർ പൊട്ടിച്ച ഗുണ്ടിൻ്റെ ശബ്ദമെല്ലാം കേട്ടിരുന്നുവെന്നും എന്നാൽ വേട്ടയ്ക്ക് ഇറങ്ങിയവരാണെന്ന് കരുതി ഭയന്ന് മിണ്ടാതെ ഇരിക്കുകയായിരുന്നുവെന്നും ഇവർ റിപ്പോർട്ടറിനോട് പ്രതികരിച്ചു.

Content Highlights: DFO will not file a case against the women who entered the forest in Kuttampuzha

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us