ആലപ്പുഴ: നവജാതശിശുവിൻ്റെ അസാധാരണ വൈകല്യവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ പുറത്ത് വിട്ട് വാർത്തയിൽ പ്രതിഷേധം കനക്കുന്നു. ഗർഭസ്ഥ ശിശുവിൻ്റെ സ്കാനിംഗ് നടത്തിയ മിഡാസ് ലാബിലേക്ക് ഡിവൈഎഫ്ഐയുടെ പ്രതിഷേധം. ലാബിന്റെ ബോർഡും ബാനറുകളും പ്രവർത്തകർ അടിച്ചു തകർത്തു. ആലപ്പുഴ അമ്മയും കുഞ്ഞും ആശുപത്രിക്കെതിരെയും സ്കാൻ ചെയ്ത മിഡാസ്, ശങ്കേഴ്സ് എന്നീ ലാബുകൾക്കെതിരെയും പരാതിയുമായി കുടുംബം രംഗത്തെത്തിയിരുന്നു.
അതേസമയം, സംഭവത്തിൽ കുഞ്ഞിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചു. തിരുവനന്തപുരത്ത് നിന്നുള്ള വിദഗ്ധസംഘം മെഡിക്കൽ കോളേജിൽ എത്തി. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോക്ടർ വി മീനാക്ഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും.
അനീഷ്, സുറുമി ദമ്പതികളുടെ കുഞ്ഞാണ് അസാധരണ വൈകല്യങ്ങളുമായി ജനിച്ചത്. കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലായിരുന്നില്ല. തുറക്കാൻ കഴിയാത്ത വായ, സ്ഥാനം തെറ്റിയ, തുറക്കാത്ത കണ്ണ്, ഹൃദയത്തിന് ദ്വാരം തുടങ്ങിയ വൈകല്യങ്ങളോടെ ജനിച്ച ശിശുവിന് ജനനേന്ദ്രിയം ഉണ്ടെങ്കിലും സാരമായ വൈകല്യമാണുള്ളതെന്നാണ് ദമ്പതികൾ വ്യക്തമാക്കുന്നത്. പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ടു പെൺകുട്ടികളുടെ അമ്മയാണ് സുറുമി. മൂന്നാമത്തെ കുട്ടിക്കാണ് അസാധരണ വൈകല്യം കണ്ടെത്തിയത്.
വൈകല്യങ്ങൾ ഗർഭകാലത്തെ സ്കാനിംഗിൽ ഡോക്ടർമാർ അറിയിച്ചില്ലെന്നാണ് ദമ്പതികളുടെ പരാതി. ഏഴ് തവണ സ്‌കാൻ ചെയ്തിട്ടും വൈകല്യം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞില്ലെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഗൈനക്കോളജിസ്റ്റ്മാരായ ഡോ ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെയാണ് ദമ്പതികൾ കേസ് നൽകിയിരിക്കുന്നത്.സ്വകാര്യ ലാബിൽ പരിശോധിച്ചപ്പോൾ ഡോക്ടർമാർ ഇല്ലായിരുന്നുവെന്നാണ് ദമ്പതികൾ പറയുന്നത്.
Content Highlights: DYFI's protest to Midas Lab alappuzha