കൊച്ചി: ഒരു ധര്‍മ്മസങ്കടം അനുഭവപ്പെട്ടപ്പോഴാണ് കോടതിയിലേക്ക് പോയതെന്ന് അഭിനേത്രി മാലാ പാർവ്വതി. ഹേമ കമ്മിറ്റിയെ വിശ്വസിച്ചു. രഹസ്യസ്വഭാവം സൂക്ഷിക്കുമെന്നായിരുന്ന പറഞ്ഞത്. എന്നാല്‍ താന്‍ പറഞ്ഞ കാര്യങ്ങളെല്ലാം എഫ്‌ഐആര്‍ ആയിരിക്കുകയാണെന്നും മാലാ പാര്‍വ്വതി വ്യക്തമാക്കി. ഹേമ കമ്മിറ്റിക്ക് മുന്നില്‍ നല്‍കിയ മൊഴികളുമായി ബന്ധപ്പെട്ട കേസില്‍ മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് മാലാ പാര്‍വതി സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
'ഒരു ധര്‍മ്മസങ്കടം അനുഭവപ്പെട്ടപ്പോഴാണ് കോടതിയിലേക്ക് പോയത്. ഹേമ കമ്മിറ്റിയെ വിശ്വസിച്ചു. രഹസ്യസ്വഭാവം സൂക്ഷിക്കുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളെല്ലാം എഫ്‌ഐആര്‍ ആയിരിക്കുകയാണ്. കേസുമായി മുന്നോട്ട് പോകാന്‍ അല്ല ഉദ്ദേശിച്ചത്. പഠനം എന്ന നിലയ്ക്കാണ് പറഞ്ഞത്. കേസ് ആവില്ലെന്നാണ് അന്ന് പറഞ്ഞത്', മാലാ പാര്‍വതി വിശദീകരിച്ചു.
സിനിമയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ നിയമനിര്‍മ്മാണമായിരുന്നു ലക്ഷ്യം. മൊഴിയുടെ പേരില്‍ കേസ് എടുക്കുന്നത് ശരിയല്ല. പ്രത്യേക അന്വേഷണസംഘം ചലച്ചിത്ര പ്രവര്‍ത്തകരെ വിളിച്ച് ശല്യം ചെയ്യുകയാണെന്നും കേസിന് ഇല്ലെന്ന് നേരത്തെ വ്യക്തമായതാണെന്നും മാല പാര്‍വ്വതി പറഞ്ഞു. നടി നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഡിസംബര്‍ 10 ന് പരിഗണിക്കും. മാലാപാര്‍വതിയുടെ ഹര്‍ജിയിൽ കക്ഷി ചേരാന്‍ വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യൂസിസി അപേക്ഷ നല്‍കി.
Content Highlights: Hema Committee Mala parvathy Reaction Over Plea in Supreme Court