മാധ്യമങ്ങൾക്ക് നേരെയുണ്ടായ സിപിഐഎം പ്രവർത്തകരുടെ അതിക്രമം; ശക്തമായ നടപടി വേണമെന്ന് കെയുഡബ്ല്യുജെ

കുലശേഖരപുരത്ത് മാധ്യമങ്ങൾക്ക് നേരെയുണ്ടായ സിപിഐഎം പ്രവർത്തകരുടെ അതിക്രമത്തിൽ ശക്തമായ നടപടി വേണമെന്ന് കെയുഡബ്ല്യുജെ കൊല്ലം ജില്ലാ കമ്മറ്റി

dot image

കൊല്ലം: കുലശേഖരപുരത്ത് മാധ്യമങ്ങൾക്ക് നേരെയുണ്ടായ സിപിഐഎം പ്രവർത്തകരുടെ അതിക്രമത്തിൽ ശക്തമായ നടപടി വേണമെന്ന് കെയുഡബ്ല്യുജെ കൊല്ലം ജില്ലാ കമ്മറ്റി. റിപ്പോർട്ടർ, 24 എന്നീ ന്യൂസ് ചാനലുകൾക്കെതിരെയാണ് കഴിഞ്ഞദിവസം അതിക്രമം ഉണ്ടായത്. അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ക്യാമറ പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും ചെയ്തിരുന്നു. സ്വതന്ത്രമാധ്യമ പ്രവർത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന പ്രവണത അടുത്ത കാലത്ത് വർധിച്ചുവരുകയാണെന്ന് കെയുഡബ്ല്യുജെ പ്രസ്താവനയിൽ പറഞ്ഞു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നും കെയുഡബ്ല്യുജെ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് കരുനാഗപ്പള്ളി കുലശേഖരപുരത്ത് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിട്ടത്. ലോക്കൽ സമ്മേളനത്തിന് എത്തിയ നേതാക്കളെയാണ് ലോക്കൽ കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ പൂട്ടിയിട്ടത്. സ്ഥലത്ത് സംഘർഷാവസ്ഥയും ഉണ്ടായിരുന്നു. ഇടയ്ക്ക് പ്രവർത്തകർ തമ്മിലുള്ള കയ്യാങ്കളിയും നടന്നു. പുറത്തേക്ക് വന്ന സംസ്ഥാന സമിതി അംഗം കെ രാജഗോപാൽ മാധ്യമ പ്രവർത്തകരുടെ ക്യാമറക്ക് നേരെയും കയ്യോങ്ങുകയായിരുന്നു. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ പരിധിയിലുള്ള പത്ത് ലോക്കൽ കമ്മിറ്റികളിൽ ഏഴിടത്തും സമ്മേളന നടപടികൾ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. മുടങ്ങിയ ലോക്കൽ സമ്മേളനങ്ങൾ ബുധനാഴ്ച മുതലാണ് വീണ്ടും ചേർന്നു തുടങ്ങിയത്.

ലോക്കൽ കമ്മിറ്റി സമ്മേളനത്തിലേക്ക് പാർട്ടി മെമ്പർഷിപ്പ് ഇല്ലാത്തവർ കടന്ന് കയറിയെന്നും അവരാണ് തങ്ങളെ പൂട്ടിയിട്ടതെന്നുമാണ് കരുനാഗപ്പള്ളി കുലശേഖരപുരം സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എച്ച് എ സലാം റിപ്പോർട്ടറിനോട് പറഞ്ഞത്. സമ്മേളനത്തിൽ പത്തിൽ താഴെ പേർ മാത്രം എതിരഭിപ്രായം പറഞ്ഞു. പുറത്ത് നിന്ന് വന്നവർക്കൊപ്പം ഇവരും കൂടി. 86 പ്രതിനിധികൾ സമ്മേളനത്തിൽ ഉണ്ടായിരുന്നു.

ലോക്കൽ കമിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിൽ തർക്കം നടന്നുവെന്നും അദ്ദേഹം പറഞ്ഞു. എൽസി സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിൽ തർക്കം ഇല്ലായിരുന്നു. ലോക്കൽ കമ്മിറ്റിയിൽ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് സ്വാഭാവികമാണ്. തനിക്കെതിരെ വന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. ആരോപണം ഉണ്ടെങ്കിൽ പാർട്ടി സമയബന്ധിതമായി പരിശോധിക്കുമായിരുന്നു. താൻ എൽസി സെക്രട്ടറിയായി എതിർപ്പിനെ അവഗണിച്ച് തുടരുമെന്നും എച്ച് എ സലാം പ്രതികരിച്ചു.

Content Highlights: KUWJ calls for strong action against CPIM workers' violence against the media

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us