ശബരിമലയില്‍ ഭക്തരുടെ തിരക്കിലും ദര്‍ശനം സുഗമമാക്കാനായെന്ന് ദേവസ്വം ബോര്‍ഡ്; ഇതുവരെയെത്തിയത് 10 ലക്ഷം ഭക്തർ

'ശബരിമലയിലേക്ക് ദര്‍ശനത്തിനായെത്തുന്ന ഒരാളെ പോലും മടക്കി അയക്കില്ല'

dot image

പത്തനംതിട്ട: ഭക്തജനത്തിരക്ക് വര്‍ധിച്ചിട്ടും ഇക്കുറി ശബരിമലയില്‍ സുഗമമായ ദര്‍ശനം ഉറപ്പാക്കാനായത് നേട്ടമായെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്. വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഇതിന് പിന്നിലെന്നും സന്നിധാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ജി സുന്ദരേശന്‍, അഡ്വ. എ അജികുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

വിര്‍ച്വല്‍ ക്യൂ വര്‍ധിപ്പിക്കുന്നതില്‍ പ്രായോഗിക തടസമുണ്ട്. 80,000 വിര്‍ച്വല്‍ ക്യൂവും 20,000ല്‍ അധികം തത്സമയ ബുക്കിങും ചേര്‍ന്ന് ഒരു ലക്ഷത്തിലധികം ആളുകള്‍ വന്നാല്‍ തിരക്ക് നിയന്ത്രണാതീതമാകും. എന്നാല്‍, ശബരിമലയിലേക്ക് ദര്‍ശനത്തിനായെത്തുന്ന ഒരാളെ പോലും മടക്കി അയക്കില്ലെന്നും പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.

മണ്ഡലകാലം ആരംഭിച്ച് 14 ദിവസം പിന്നിടുന്നതിനിടെ ശബരിമലയില്‍ ഇതുവരെ സന്ദര്‍ശിച്ചത് പത്ത് ലക്ഷത്തിലധികം ഭക്തരാണ്. കഴിഞ്ഞ മണ്ഡലകാലത്തെ അപേക്ഷിച്ച് ഇക്കുറി ആദ്യ 12 ദിവസത്തെ കണക്കുകള്‍ പ്രകാരം 15,89,12,575 രൂപയുടെ വരുമാന വര്‍ധനവ് ഉണ്ടായതായാണ് റിപ്പോര്‍ട്ട്. 63,01,14,111 രൂപയാണ് ആകെ വരുമാനം. അപ്പം അരവണ വില്‍പനയിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അപ്പം വില്‍പനയിലൂടെ 3,53,28,555 രൂപയും അരവണ വില്‍പനയിലൂടെ 28,93,86,310 രൂപയും ലഭിച്ചിട്ടുണ്ട്.

പമ്പാ നദിയില്‍ തുണി ഉപേക്ഷിക്കല്‍, മാളികപ്പുറത്തെ തേങ്ങ ഉരുട്ടല്‍ തുടങ്ങിയവ ശബരിമല ആചാരങ്ങളുടെ ഭാഗമല്ലെന്ന് തന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ ബോധവത്ക്കരണം നടത്താനാണ് ബോര്‍ഡിന്റെ ശ്രമം. കേരളത്തിനകത്തും പുറത്തുമുള്ള ഭക്തര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കും.

Content Highlight: More than 10 lakh devotees reached sabarimala in past 14 days

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us