ആലപ്പുഴ: സിപിഐഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലേക്ക് മുതിര്‍ന്ന നേതാവ് ജി സുധാകരനെ ക്ഷണിക്കാത്തതില്‍ വിശദീകരണവുമായി ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ആണ് ക്ഷണിക്കാതിരുന്നതെന്ന് ആര്‍ നാസര്‍ പറഞ്ഞു. പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കാറുണ്ട്. നിലവില്‍ പാര്‍ട്ടി അംഗം മാത്രമാണ് ജി സുധാകരനെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടന സമ്മേളനത്തിലും ശനിയാഴ്ച്ച നടക്കുന്ന പൊതുസമ്മേളനത്തില്‍ നിന്നും ജി സുധാകരനെ ഒഴിവാക്കിയിരുന്നു. സുധാകരന്റെ വീടിനടുത്താണ് ഇത്തവണ പൊതുസമ്മേളന വേദി. എന്നിട്ടും അദ്ദേഹത്തെ ക്ഷണിക്കാത്തതാണ് വിവാദമായത്.
പലഘട്ടങ്ങളില്‍ സുധാകരന്‍ പാര്‍ട്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഏരിയാ സമ്മേളനത്തില്‍ നിന്നും മുതിര്‍ന്ന നേതാവ് കൂടിയായ ജി സുധാകരനെ ഒഴിവാക്കിയത് ചര്‍ച്ചയായിരിക്കുകയാണ്.
28 വര്‍ഷം മുമ്പ് സിപിഐഎം മുന്‍ എംപിയായിരുന്ന ടി ജെ ആഞ്ചലോസിനെ പുറത്താക്കിയത് കള്ളറിപ്പോര്‍ട്ടിലൂടെയാണെന്ന് നേരത്തെ ജി സുധാകരന്‍ ആരോപിച്ചിരുന്നു. ഏറ്റവും ഒടുവില്‍ സിപിഐഎം നേതൃത്വത്തിനെതിരെ ജി സുധാകരന്‍ ഉയര്‍ത്തിയ ഈ വെളിപ്പെടുത്തലും ചര്‍ച്ചയായിരുന്നു.
Content Highlights: CPIM District Secretary R Nasser explained why senior leader G Sudhakaran was not invited