ജയപരാജയത്തിന്റെ പ്രശ്‌നമല്ല, ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടത് ഉചിതമായ തീരുമാനമെന്ന് കൊല്ലത്തെ സിപിഐഎം വിമതർ

'കുലശേഖരപുരം സിപിഐഎം ലോക്കല്‍ കമ്മിറ്റി നേതൃത്വത്തിന് നേരെയും നടപടി വേണം'

dot image

കൊല്ലം: കുലശേഖരപുരത്തെ വിഭാഗീയതയെതുടര്‍ന്ന് കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടതിന് പിന്നാലെ പ്രതികരണവുമായി വിമതര്‍ രംഗത്ത്. തങ്ങള്‍ ഉന്നയിച്ച വിഷയം സിപിഐഎം സംസ്ഥാന സെക്രട്ടറിക്ക് ബോധ്യപ്പെട്ടു. ഇത് ജയപരാജയത്തിന്റെ പ്രശ്‌നമല്ല. പാര്‍ട്ടിയുടെ കരുനാഗപ്പള്ളി ഏരിയാ നേതൃത്യം തങ്ങളുടെ പരാതി മുഖവിലയ്ക്ക് എടുത്തിരുന്നില്ലെന്നും കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടത് ഉചിതമായ തീരുമാനമാണെന്നും വിമതര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

എട്ട് വര്‍ഷക്കാലമായി പല തരത്തില്‍ ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. നടക്കാതെ ആയതോടെയാണ് അവസാന നിമിഷം ഇത്തരത്തില്‍ ഒരു പ്രതിഷേധത്തിലേക്ക് കടക്കേണ്ടി വന്നത്. അഡ്‌ഹോക്ക് കമ്മിറ്റി തങ്ങളെ മനസിലാക്കും എന്നാണ് പ്രതീക്ഷ. സംസ്ഥാന നേതൃത്വം തങ്ങളെ നൂറ് ശതമാനവും മനസിലാക്കി. കുലശേഖരപുരം സിപിഐഎം ഏരിയാ കമ്മിറ്റി നേതൃത്വത്തിനെതിരെയും നടപടി വേണം. പ്രാദേശിക നേതാക്കന്മാരാണ് പ്രദേശത്ത് പ്രവര്‍ത്തിക്കേണ്ടത്. പ്രാദേശിക നേതൃത്വത്തിന് ആത്മവിശ്വാസം നല്‍കേണ്ടത് സംസ്ഥാന നേതൃത്വത്തിന്റെ കടമയാണ്. ഇല്ലെങ്കില്‍ പ്രദേശത്ത് മറ്റു പാര്‍ട്ടികള്‍ വളര്‍ന്നുവരുമെന്നും റേഷന്‍ എംപ്ലോയീസ് യൂണിയന്‍ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എസ് ബിജു പറഞ്ഞു.

നടുറോഡിലെ കയ്യാങ്കളിയും തർക്കവും വരെയെത്തിയ കൊല്ലം കുലശേഖരപുരത്തെ വിഭാഗീയതയെത്തുടർന്ന് ഇന്നാണ് കരുനാഗപ്പള്ളി സിപിഐഎം ഏരിയാ കമ്മിറ്റി സംസ്ഥാന നേതൃത്വം പിരിച്ചുവിട്ടത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയ്ക്ക് ശേഷമായിരുന്നു തീരുമാനം. 'സേവ് സിപിഐഎം' എന്ന പ്ലക്കാർഡുകളുമേന്തി കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പ്രവർത്തകർ പ്രകടനം നടത്തിയതിനു പിന്നാലെയായിരുന്നു സംസ്ഥാന നേതൃത്വത്തിൻ്റെ ഇടപെടൽ. നേരത്തെ നേതൃത്വത്തിനെതിരെ 'സേവ് സിപിഐഎം' എന്ന പോസ്റ്റർ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിന് പുറത്തടക്കം പതിച്ചിരുന്നു.

ലോക്കൽ കമ്മിറ്റി സമ്മേളനത്തിലേക്ക് പാർട്ടി മെമ്പർഷിപ്പ് ഇല്ലാത്തവർ കടന്ന് കയറിയെന്നും അവർ തങ്ങളെ പൂട്ടിയിട്ടെന്നും തുറന്നുപറഞ്ഞ് കരുനാഗപ്പള്ളി കുലശേഖരപുരം സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എച്ച് എ സലാം രംഗത്തെത്തിയിരുന്നു. സമ്മേളനത്തിൽ പത്തിൽ താഴെ പേർ മാത്രാണ് എതിരഭിപ്രായം പറഞ്ഞത്. പുറത്ത് നിന്ന് വന്നവർക്കൊപ്പം ഇവരും കൂടി. 86 പ്രതിനിധികൾ സമ്മേളനത്തിൽ ഉണ്ടായിരുന്നു. ലോക്കൽ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിൽ തർക്കം നടന്നുവെന്നും അദ്ദേഹം പറഞ്ഞു. എൽസി സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിൽ തർക്കം ഇല്ലായിരുന്നുവെന്നും സലാം വ്യക്തമാക്കിയിരുന്നു. ലോക്കൽ കമ്മിറ്റിയിൽ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് സ്വാഭാവികമാണ്. തനിക്കെതിരെ വന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. ആരോപണം ഉണ്ടെങ്കിൽ പാർട്ടി സമയബന്ധിതമായി പരിശോധിക്കുമായിരുന്നു. താൻ എൽസി സെക്രട്ടറിയായി എതിർപ്പിനെ അവഗണിച്ച് തുടരുമെന്നും എച്ച് എ സലാം പ്രതികരിച്ചിരുന്നു.

Content Highlight: Issue not about win and failure, decision to disband local committe was appropriate says rebels of Karunagappally cpim

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us