കോട്ടയം: ആകാശപ്പാതയുടെ മേൽക്കൂര പൊളിച്ചു നീക്കണമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. തുരുമ്പെടുത്ത പൈപ്പുകൾ വേഗം നീക്കം ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു. പാലക്കാട് ഐഐടി, ചെന്നൈയിലെ സ്ട്രക്ചറൽ എൻജിനീയറിങ് റിസർച്ച് സെന്റർ എന്നിവർ ചേർന്നാണ് ബല പരിശോധന റിപ്പോർട്ട് നടത്തിയത്. അടിസ്ഥാന തൂണുകൾ ഒഴികെ മേൽക്കൂര മുഴുവൻ പൊളിച്ചു നീക്കണമെന്നും നിർദേശമുണ്ട്.
എന്നാൽ സർക്കാർ രാഷ്ട്രീയ പ്രതികാരം നടത്തുന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആരോപിച്ചു. നേരത്തെ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയാത്ത ബലക്ഷയം ഇപ്പോൾ എങ്ങനെ ഉണ്ടായെന്നും തിരുവഞ്ചൂർ ചോദിച്ചു. രാഷ്ട്രീയ വിരോധം വെച്ച് ആകാശപ്പാത ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഊരാളുങ്കലിന് ഇത് കൈമാറുമോ എന്ന് ആരാഞ്ഞിരുന്നു.
ആകാശപ്പാതയുടെ പേര് മാറ്റാനും ആവശ്യപ്പെട്ടിരുന്നു. ഇതിന് സമ്മതിച്ചിരുന്നെങ്കിൽ പദ്ധതി പൂർത്തിയാകുമായിരുന്നുവെന്നും തിരുവഞ്ചൂർ പറഞ്ഞു. ആകാശപ്പാതയുമായി ബന്ധപ്പെട്ട് സമാനമനസ്കരുടെ അഭിപ്രായം കേട്ടതിനുശേഷം മുന്നോട്ടുപോകുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
കോട്ടയത്തെ ആകാശപ്പാതയുടെ നിർമ്മാണ വൈകല്യത്തിന് ഉത്തരവാദി എംഎൽഎയാണെന്നും ആ പാപഭാരം ആരുടെയും തലയിൽ വെക്കേണ്ടതില്ലെന്നും സിപിഐഎം നേതാവ് കെ അനിൽകുമാറും പ്രതികരിച്ചു.
ആകാശപാതയിലെ ബലഹീനത സംബന്ധിച്ച് പഠനം നടത്തിയ രണ്ട് സ്ഥാപനങ്ങളും സർക്കാരിൻ്റെ പരിധിയിലുള്ളതല്ല. കോടതി നിർദ്ദേശപ്രകാരമുള്ള പരിശോധനകളാണ് നടന്നത്. ആകാശപാതയുടെ ഭാവി സംബന്ധിച്ച് കോടതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ആകാശപാതയുടെ നിർമ്മാണ വൈകല്യം ഒറ്റനോട്ടത്തിൽ തന്നെ ആർക്കും ബോധ്യപ്പെടും. ഭൂമി ഏറ്റെടുക്കുക എന്നുള്ള പ്രാഥമിക നടപടിക്രമങ്ങൾ പോലും പാലിക്കാതെയായിരുന്നു നിർമ്മാണമെന്നും അദ്ദേഹം പറഞ്ഞു.
2016 ഫെബ്രുവരിയില്‍ തറക്കല്ലിട്ട പദ്ധതി ആറുമാസം കൊണ്ട് പൂര്‍ത്തിയാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പല കാരണങ്ങളാല്‍ നിര്‍മ്മാണം നിന്ന് പോവുകയായിരുന്നു. കോട്ടയത്തെ ഗതാഗതക്കുരുക്കിനു പരിഹാരമെന്നോണമാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോട്ടയം നഗരത്തില്‍ ആകാശപ്പാത പദ്ധതി പ്രഖ്യാപിച്ചത്.
Content Highlights: kottayam skywalk project updates