മുതിര്‍ന്ന നേതാക്കളെ ക്ഷണിച്ചില്ല; പ്രിയങ്ക ഗാന്ധിയുടെ പരിപാടികളില്‍ അവഗണിച്ചെന്ന് മുസ്‌ലിം ലീഗ്; അതൃപ്തി

പ്രിയങ്കയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ലീഗ് പ്രതിനിധികള്‍ എത്തിയില്ല

dot image

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തില്‍ മുസ്‌ലിം ലീഗ് നേതാക്കളെ അവഗണിച്ചെന്ന് പരാതി. പ്രിയങ്കയുടെ പരിപാടിയുടെ വിവരങ്ങള്‍ ലീഗിനെ അറിയില്ലെന്നാണ് ആക്ഷേപം. പരിപാടിയിലേക്ക് മുതിര്‍ന്ന നേതാക്കളെ ആരെയും ക്ഷണിച്ചില്ലെന്നും മുസ് ലിം ലീഗ് ആരോപിക്കുന്നു.

ലോക്‌സഭയിലേക്ക് വന്‍ വിജയം നേടിയ ശേഷം ആദ്യമായാണ് പ്രിയങ്ക ഗാന്ധി വയനാട്ടില്‍ സന്ദര്‍ശനത്തിനെത്തിയത്. ഇന്നും നാളെയും പ്രിയങ്ക വയനാട്ടില്‍ ഉണ്ടാകും. ഇതിനിടെയാണ് പ്രിയങ്കയുടെ പരിപാടിയില്‍ അവഗണിച്ചുവെന്ന് ആരോപിച്ച് മുസ്‌ലിം ലീഗ് നേതൃത്വം രംഗത്തെത്തിയത്. സാധാരണ പ്രിയങ്കയും രാഹുലും എത്തുമ്പോള്‍ ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങള്‍, കൊണ്ടോട്ടി എംഎല്‍എ എന്നിവരെ ക്ഷണിക്കാറുണ്ട്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. ഇതാണ് വിമര്‍ശനത്തിനിടയാക്കിയത്. യുഡിഎഫ് വയനാട് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസലി തങ്ങളെ പോലും പ്രിയങ്കയുടെ സന്ദര്‍ശനം സംബന്ധിച്ച വിവരം അറിയിച്ചില്ലെന്നും ലീഗ് നേതൃത്വം ആരോപിക്കുന്നു. കോണ്‍ഗ്രസിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് പ്രിയങ്കയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ലീഗ് പ്രതിനിധികള്‍ എത്തിയില്ല.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. ഇരുവര്‍ക്കും വന്‍ സ്വീകരണമാണ് കോണ്‍ഗ്രസ് നേതൃത്വം ഏര്‍പ്പെടുത്തിയത്. കരിപ്പൂരില്‍ നിന്ന് കോഴിക്കോട് മുക്കത്തേയ്ക്കാണ് പ്രിയങ്കയും രാഹുലും എത്തിയത്. ഇവിടെ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ ഇരുവരും പങ്കെടുത്തു. കരുളായി, വണ്ടൂര്‍, എടവണ്ണ എന്നിവിടങ്ങളിലും പ്രിയങ്കയ്ക്കായി സ്വീകരണ സമ്മേളനം ഒരുക്കിയിട്ടുണ്ട്. നാളെ മാനന്തവാടിയിലും സുല്‍ത്താന്‍ ബത്തേരിയിലും കല്‍പറ്റയിലുമാണ് പ്രിയങ്കയ്ക്കായി സ്വീകരണ പരിപാടി ഒരുക്കിയിരിക്കുന്നത്. ഇതില്‍ പങ്കെടുത്ത ശേഷം നാളെ വൈകിട്ടോടെ പ്രിയങ്കയും രാഹുലും ഡല്‍ഹിയിലേക്ക് മടങ്ങും.

Content Highlights- muslim league against congress they not invite senior leaders for priyanka gandhi program

dot image
To advertise here,contact us
dot image