കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാവര്‍ത്തിച്ച് സിബിഐ നല്‍കിയ പുനരന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക്. ഡ്രൈവര്‍ അര്‍ജുന്‍ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബാലഭാസ്‌ക്കറിന്റേത് അപകടമരണം എന്ന കണ്ടെത്തലോടെയാണ് റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സിബിഐയുടെ പുനരന്വേഷണം നടന്നത്.
ബാലഭാസ്‌കറിന്റേയും മകളുടേയും ജീവനെടുത്ത കാര്‍ അപകടം നടക്കുമ്പോള്‍ ഡ്രൈവറായിരുന്ന അര്‍ജുന്‍ മലപ്പുറത്ത് സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായതോടെയാണ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് ആക്ഷേപം വീണ്ടും ചര്‍ച്ചയായത്. സമാന ആരോപണം നേരത്തെ ബാലഭാസ്‌കറിന്റെ പിതാവ് ഉന്നയിച്ചിരുന്നു.
പെരിന്തല്‍മണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്ന് കിലോ സ്വര്‍ണം തട്ടിയ കേസിലാണ് ബാലഭാസ്‌ക്കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ അറസ്റ്റിലായത്. പെരിന്തല്‍മണ്ണയില്‍ സ്വര്‍ണം തട്ടിയ സംഘത്തെ ചെറുപ്പുളശ്ശേരിയിലെത്തി മറ്റൊരു കാറില്‍ കൂട്ടിക്കൊണ്ടുപോയത് അര്‍ജുനാണ്.
2018 സെപ്റ്റംബര്‍ 25നായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപം അപകടത്തില്‍പ്പെട്ടത്. ചികിത്സയിലിരിക്കെ ഒക്ടോബര്‍ രണ്ടാം തീയതി ബാലഭാസ്‌കറും മകള്‍ തേജസ്വിനി ബാലയും മരിച്ചു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവറായിരുന്ന അര്‍ജുനും പരിക്കേറ്റിരുന്നു.
Content Highlights: No mystery in Balabhaskar's death CBI Report