സനൂഫിനെ കുരുക്കിട്ട് പിടിച്ചത് 'ഓപ്പറേഷന്‍ നവംബര്‍'; ഇന്റര്‍സിറ്റി എക്‌സ്പ്രസ്, ക്രൈം വാര്‍ത്ത...

പാലക്കാട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാര്‍ ആണ് കൊലപാതകത്തിലെ ആദ്യ സൂചനയായത്

dot image

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജ്മുറിയില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ കുടുക്കിയത് സിറ്റി പൊലീസിന്റെ ഓപ്പറേഷന്‍ നവംബര്‍. മുന്‍ പരിചയമുണ്ടായിരുന്ന മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഫസീലയെ തൃശൂര്‍ സ്വദേശി അബ്ദുള്‍ സനൂഫ് ലോഡ്ജ്മുറിയിലെത്തിച്ച് കൊലപ്പെടുത്തിയതാണ് കേസിന് ആസ്പദമായ സംഭവം. നവംബര്‍ 26ന് എരഞ്ഞിപ്പാലത്തെ ലോഡ്ജ്മുറിയില്‍ സനൂഫ് മുറിയെടുത്തു. മുന്‍പ് ബസ് ഡ്രൈവറായി സനൂഫ് ജോലി ചെയ്തിരുന്നു. ഇങ്ങനെയാണ് ഫസീലയുമായി പരിചയത്തിലാകുന്നത്. അടുത്തിടെ സനൂഫിനെതിരെ ബലാത്സംഗ പരാതി ഫസീല നല്‍കിയിരുന്നു. ഇത് ഒത്തുതീര്‍പ്പാക്കാനെന്ന് പറഞ്ഞായിരുന്നു സനൂഫ് ഫസീലയെ വിളിച്ചുവരുത്തിയത്. പിന്നാലെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.

മൃതദേഹം ലോഡ്ജില്‍ ഉപേക്ഷിച്ചു കടന്ന സനൂഫ് പിന്നീട് ഒളിവില്‍ പോകുകയായിരുന്നു. പ്രതിയെ പിടികൂടാന്‍ പൊലീസ് കമ്മീഷണര്‍ ടി നാരായണന്റെ കീഴില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൂന്ന് സംഘങ്ങളായിട്ടായിരുന്നു അന്വേഷണം. ടൗണ്‍ എസിപി അഷറഫ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചു. നടക്കാവ് ഇന്‍സ്‌പെക്ടര്‍ എന്‍ പ്രജീഷ് ആയിരുന്നു സ്‌ക്വാഡ് തലവന്‍. കേരളം തമിഴ്നാട്, കര്‍ണാടക എന്നിവടങ്ങളിലായി വ്യാപിപ്പിച്ച അന്വേഷണത്തെ ഏകോപിപ്പിച്ചത് ഓപ്പറേഷന്‍ നവംബര്‍ എന്ന വാട്സാപ്പ് ഗ്രൂപ്പായിരുന്നു. മലപ്പുറം പാലക്കാട് തൃശൂര്‍ എന്നിവിടങ്ങളില്‍ രഹസ്യാന്വേഷണം നടത്തിയും സിസിടിവികള്‍ പരിശോധിച്ചും ശേഖരിച്ച വിവരങ്ങള്‍ എസിപി ഉള്‍പ്പടെയുള്ള പൊലീസ് സംഘം പരസ്പരം ചര്‍ച്ചചെയ്ത് നിഗമനത്തിലെത്തിയായിരുന്നു അന്വേഷണം.

ലോഡ്ജില്‍ നിന്ന് രക്ഷപ്പെട്ട സനൂഫ് പാലക്കാട് കാര്‍ ഉപേക്ഷിച്ച് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് കടന്നുകളയുകയായിരുന്നു.

ഇതോടെ പ്രതിയെകുറിച്ച് പൊലീസിന് വിവരം ലഭിക്കാതെയായി. പാലക്കാട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാര്‍ ആണ് കൊലപാതകത്തിലെ ആദ്യ സൂചനയായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ടൗണ്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തേക്ക് പോയതായി കണ്ടെത്തിയത്.

ലോഡ്ജിൽ വെച്ച് മുടിയും താടിയും മുറിച്ചും വസ്ത്രങ്ങള്‍ മാറിയുമായിരുന്നു സനൂഫിന്റെ രക്ഷപ്പെടല്‍. ലഭ്യമായ ഫോട്ടോകളും മറ്റ് വിവരങ്ങളും വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ കൃത്യസമയത്ത് അപ്‌ഡേറ്റ് ചെയ്തത് അന്വേഷണത്തിന് വേഗം കൂട്ടാന്‍ സഹായകമായി. എന്നാല്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ പ്രതി പിന്നീട് എവിടേക്കാണ് പോയതെന്ന് കണ്ടെത്താന്‍ പൊലീസിന് സാധിച്ചില്ല.

Also Read:

ബെംഗളൂരുവിലേക്കാണ് കടന്നതെന്ന് രഹസ്യ വിവരം ലഭിച്ച പൊലീസ് രണ്ട് ടീമുകളായി നഗരത്തിലേക്ക് തിരിച്ചു. ബെംഗളൂരുവിലെത്തി ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്ന പ്രതി കൃത്യമായി ന്യൂസിലൂടെ അന്വേഷണത്തെ സംബന്ധിച്ച് വിവരങ്ങള്‍ അറിഞ്ഞിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് ഉള്‍പ്പെടെ പുറത്തിറങ്ങിയെന്ന് മനസിലാക്കിയ പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നു. ദക്ഷിണ കന്നഡ സ്വദേശിയായ ചൗഢ ഗൗഢ എന്നയാളുടെ പേരിലുള്ള സിമ്മില്‍ നിന്ന് തമിഴ്‌നാട്ടിലെ ഹോട്ടലില്‍ സനൂഫ് വിളിച്ചിരുന്നു. ഇതാണ് പൊലീസിന് നിര്‍ണായകമായത്. ഹോട്ടലിന്റെ വിവരങ്ങള്‍ ശേഖരിച്ച് തിരച്ചില്‍ നടത്തിയ പൊലീസ് ഹോട്ടല്‍ വളഞ്ഞപ്പോള്‍ മുറിയില്‍ ക്രൈം വാര്‍ത്തകള്‍ കാണുകയായിരുന്നു പ്രതി സനൂഫ്. രക്ഷപ്പെടാന്‍ പഴുതുകളെല്ലാം അടച്ചായിരുന്നു പൊലീസിന്റെ നാടകീയ പിടികൂടല്‍. ഇതോടെ ചെയ്ത കുറ്റങ്ങളെല്ലാം സനൂഫ് പൊലീസിനോട് ഏറ്റുപറയുകയായിരുന്നു.

Content Highlight: Operation November; The story of police's investigation about lodge murder case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us