ആലപ്പുഴ: നവജാത ശിശുവിന് അസാധാരണ അംഗവൈകല്യം കണ്ടെത്തിയ സംഭവത്തില്‍ ആലപ്പുഴയിലെ രണ്ട് സ്‌കാനിങ് സെന്ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു. മിഡാസ്, ശങ്കേഴ്‌സ് എന്നീ സ്‌കാനിങ് സെന്ററുകള്‍ക്കെതിരെയാണ് നടപടി. സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി. ആരോഗ്യവകുപ്പിലെ വിദഗ്ധ സംഘം നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി.
സ്‌കാനിങ്ങിന്റെ റെക്കോര്‍ഡ് രണ്ടുവര്‍ഷം സൂക്ഷിക്കണം എന്നാണ് നിബന്ധന. എന്നാല്‍ ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തില്‍ റെക്കോര്‍ഡുകള്‍ സൂക്ഷിച്ചിട്ടില്ല എന്ന് കണ്ടെത്തി. സംഭവത്തില്‍ തുടര്‍ അന്വേഷണം നടക്കുകയാണ്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം തുടര്‍നടപടി ഉണ്ടാകും.
ആലപ്പുഴ സ്വദേശികളായ അനീഷ്, സുറുമി ദമ്പതികളുടെ കുഞ്ഞാണ് അസാധരണ വൈകല്യങ്ങളുമായി ജനിച്ചത്. കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലായിരുന്നില്ല. തുറക്കാന്‍ കഴിയാത്ത വായ, സ്ഥാനം തെറ്റിയ കണ്ണും ചെവിയും, ഹൃദയത്തിന് ദ്വാരം തുടങ്ങിയ വൈകല്യങ്ങളോടെ ജനിച്ച ശിശുവിന് ജനനേന്ദ്രിയം ഉണ്ടെങ്കിലും സാരമായ വൈകല്യമാണുള്ളതെന്നാണ് ദമ്പതികള്‍ റിപ്പോര്‍ട്ടറിനോട് വ്യക്തമാക്കിയത്. കുഞ്ഞ് മുലപ്പാല്‍ കുടിക്കാതെ വന്നതോടെ ആരോഗ്യസ്ഥിതി മോശമായി. ഇതോടെയാണ് അനീഷും സുറുമിയും നിയമനടപടിയുമായി രംഗത്തെത്തിയത്. ആലപ്പുഴ അമ്മയും കുഞ്ഞും ആശുപത്രിക്കെതിരെയും സ്‌കാന്‍ ചെയ്ത മിഡാസ്, ശങ്കേഴ്‌സ് എന്നീ ലാബുകള്‍ക്കെതിരെയും കുടുംബം പരാതി നല്‍കുകയായിരുന്നു.
വൈകല്യങ്ങള്‍ ഗര്‍ഭകാലത്തെ സ്‌കാനിങില്‍ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നില്ലെന്ന് അനീഷും സുറുമിയും വ്യക്തമാക്കിയിരുന്നു. ഏഴ് തവണ സ്‌കാന്‍ ചെയ്തിട്ടും വൈകല്യം ഉണ്ടെന്ന് ഡോക്ടര്‍ അറിയിച്ചില്ലെന്നും ദമ്പതികള്‍ പറഞ്ഞിരുന്നു. ഗൈനക്കോളജിസ്റ്റ്മാരായ ഡോ ഷേര്‍ലി, പുഷ്പ എന്നിവര്‍ക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെയും നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ടര്‍ വാര്‍ത്ത നല്‍കിയതിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിഷയത്തില്‍ ഇടപെട്ടു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
Content Highlights- two scanning centers from alappuzha closed after new born baby found genital issues