കോഴിക്കോട്: മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിൽ സർക്കാരിൻ്റെ മെല്ലെപോക്കിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വീട് വെക്കാൻ സ്ഥലം കിട്ടാത്തത് പരിതാപകരമാണെന്നും, ബന്ധപ്പെട്ടവരോട് സംസാരിച്ച് സ്ഥലം എത്രയും പെട്ടെന്ന് നേടിയെടുക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
സ്ഥലം സർക്കാരിൻ്റെയാണെന്ന് പറഞ്ഞ് ഏറ്റെടുക്കാൻ പോയാൽ നീണ്ടുനിൽക്കുന്ന നിയമവ്യവഹാരം മാത്രമായിരിക്കും ഫലമെന്നും വി ഡി സതീശൻ പറഞ്ഞു. കോൺഗ്രസ് സ്ഥലം ഏറ്റെടുത്ത് വീട് നിർമിച്ചു നൽകാമെന്ന് പറഞ്ഞപ്പോൾ സർക്കാർ തങ്ങൾ ഏറ്റെടുക്കുന്ന സ്ഥലത്ത് ചെയ്യാമെന്നാണ് പറഞ്ഞത്. അത് തങ്ങൾ അംഗീകരിച്ചു. എന്നാൽ സർക്കാരിനെക്കൊണ്ട് ഇത്രയും വീടുകൾ നിർമ്മിച്ചുനൽകാൻ കഴിയാത്തത് ദൗർഭാഗ്യകരമാണെന്നും വി ഡി സതീശൻ പറഞ്ഞു.
യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ ഉണ്ടായ ക്രൂരമായ പൊലീസ് ലാത്തിച്ചാർജ്ജിനെയും സതീശൻ അപലപിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയാണ് സമരം നടത്തിയ ജനപ്രതിനിധികളെ ക്രൂരമായി മർദിച്ചു. ഇങ്ങനെ ഏതെങ്കിലും ഒരു സമരത്തെ അടിച്ചമർത്താൻ പാടുമോ എന്നും സതീശൻ ചോദിച്ചു. വിലങ്ങാട് ദുരന്തത്തിലും സർക്കാർ വേണ്ടതൊന്നും ചെയ്തില്ലെന്നും കേന്ദ്രത്തിനെതിരെ ഒറ്റക്കെട്ടായി സമരമില്ല, ഒറ്റയ്ക്ക് സമരം ചെയ്യാനുള്ള ശക്തിയുണ്ട് എന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം, ദുരിത ബാധിതർക്ക് ഭയം വേണ്ടെന്നും സർക്കാർ കൂടെയുണ്ടെന്നും റവന്യൂ മന്ത്രി കെ രാജൻ ഉറപ്പ് നൽകി. വയനാട്ടിലെ പുനരധിവാസത്തിന് അനുയോജ്യമെന്ന് ചൂണ്ടിക്കാണിച്ച പ്ലാൻ്റേഷൻ ഭൂമികളെല്ലാം നേരിട്ട് സന്ദർശിച്ചു. ഇതിൽ നിന്നും ഏറ്റവും സുരക്ഷതമെന്ന് കണ്ടെത്തിയ സ്ഥലങ്ങളിലേക്ക് ആളുകളെ മാറ്റാനാണ് ശ്രമം എന്നും കെ രാജൻ വ്യക്തമാക്കി. റിപ്പോർട്ടർ ടിവിയുടെ മോർണിംഗ് ഷോയായ കോഫി വിത്ത് അരുണിലായിരുന്നു റവന്യൂ വകുപ്പ് മന്ത്രിയുടെ പ്രതികരണം.
പുനരധിവാസത്തിന് ഭൂമി ലഭ്യമാക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ട്. ജന്മവകാശം വഴിയുള്ള ഭൂമികൾ അവിടെ കുറവാണ്. ഭൂപരിഷ്കരണത്തിൻ്റെ 81 പ്രകാരം എക്സപ്ഷൻ ഉള്ള ഭൂമിയാകും അല്ലെങ്കിൽ സർക്കാരുമായി ഉടമസ്ഥാവകാശം സംബന്ധിച്ച് കേസുള്ള ഭൂമിയാകാം. അത്തരം പ്രശ്നങ്ങളുള്ള ഭൂമി ഏറ്റെടുക്കാൻ ചില പ്രശ്നങ്ങളുണ്ടാകാമെന്നും ഇപ്പോൾ അങ്ങനെയൊരു പ്രശ്നമില്ലെന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി. പുനരധിവാസത്തിനായി ടൗൺഷിപ്പുണ്ടാക്കാനാണ് ആലോചന. പുനരധിവാസത്തിന് അനുയോജ്യമായ 25 സ്ഥലങ്ങൾ നേരിട്ട് പോയി കണ്ടിരുന്നു. അതിന് ശേഷം ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള ഭൗമശാസ്ത്ര സംഘം അതിൽ ഒമ്പത് സ്ഥലങ്ങൾ അപകടരഹിതമെന്ന് കണ്ടെത്തിയിരുന്നു. അതിൽ രണ്ട് സ്ഥലങ്ങൾ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. കൈവശാവകാശവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ എളുപ്പത്തിലാക്കാൻ ദുരന്തനിവാരണ നിവാരണ നിയമ പ്രകാരമായിരുന്നു ഭൂമി ഏറ്റെടുത്തത്. ഇതിന് പിന്നാലെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉടമകൾ കോടതിയിൽ പോയി. സ്ഥലത്തിന് പണം കൊടുക്കാൻ സാധ്യമാണോ എന്നാണ് കോടതി ചോദിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ പണം കോടതിയിൽ കെട്ടിവെയ്ക്കാമെന്നും കോടതി ഉടമസ്ഥരെന്ന് തീരുമാനിക്കുന്നവർക്ക് പണം കൈമാറാമെന്നുമുള്ള സർക്കാരിൻ്റെ നിലപാട് കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ വാദം കേട്ട കോടതി വിധിപറയാൻ മാറ്റിവെച്ചിരിക്കുകയാണ്. കോടതി തീരുമാനം അനുകൂലമായിരിക്കുമെന്നാണ് കരുതുന്നത് എന്നും മന്ത്രി കെ രാജൻ റിപ്പോർട്ടറോട് പറഞ്ഞത്.
Content Highlights: VD Satheesan on governments slowness on landslide rehabilitation