കൽപറ്റ: ചൂരൽമല ഉരുൾപ്പൊട്ടലിൽ മകനെയും ഭർത്താവിനെയും നഷ്ടപ്പെട്ട് വയനാട് മുൻസിപ്പാലിറ്റി ക്വോട്ടേഴ്സിൽ കഴിയുന്ന ലതയുടെ ആവശ്യം ഒരു വീടാണ്. 34 വർഷമായി തൻ്റെ ഭർത്താവും കുടുംബവുമെല്ലാം ജീവിച്ചിരുന്ന വീടാണ് നഷ്ടമായതെന്നും എപ്പോഴാണ് തങ്ങൾക്ക് സർക്കാർ വീട് വെച്ച് നൽകുകയെന്നും ലത ചോദിച്ചു. റിപ്പോർട്ടർ ടിവിയുടെ മോർണിംഗ് ഷോയായ കോഫിവിത്ത് അരുണിൽ സംസാരിക്കുകയായിരുന്നു ലത. അതേസമയം സർക്കാരിൽ നിന്ന് 8 ലക്ഷം രൂപ തനിക്കും മരുമകൾക്കും ധനസഹായം കിട്ടിയിട്ടുണ്ടെന്നും, ഒരു മാസത്തെ ചിലവിന് ഉള്ള പണം ലഭിച്ചെന്നും ലത പറഞ്ഞു.
മുണ്ടക്കൈ-ചൂരൽമല ദുരന്തം നടന്ന് നാല് മാസം തികയുന്ന ദിവസം റിപ്പോർട്ടർ ടിവിയുടെ കോഫി വിത്ത് അരുണിൽ സംസാരിക്കുമ്പോൾ ദുരന്തത്തിൽ മരിച്ച ഭർത്താവിൻ്റെ മോതിരം ഇതുവരെ കിട്ടിയില്ലെന്നും ലത പരാതിപ്പെട്ടു. വയനാട് ചൂരൽമല ഉരുൾപ്പൊട്ടലിൽ മകനെയും ഭർത്താവിനെയും നഷ്ടപ്പെട്ട വയനാട് മുൻസിപ്പാലിറ്റി ക്വോട്ടേഴ്സിൽ കഴിയുന്ന ലത തൻ്റെ ആവശ്യം ഒരു വീടാണെന്നും വ്യക്തമാക്കി. ഇതിനോടൊപ്പമാണ് ഭർത്താവിൻ്റെ മോതിരം തിരികെ കിട്ടിയില്ലെന്ന വിവരവും ലത പങ്കുവെച്ചത്. ഭർത്താവിൻ്റെ ഓർമ്മകളുള്ള മോതിരം തിരികെ കണ്ടെത്തി നൽകണം എന്നായിരുന്നു ലതയുടെ ആവശ്യം. ഭർത്താവിന്റെ കൈയിലുണ്ടായിരുന്ന മോതിരത്തിൽ തൻ്റെ പേരെഴുതിയിരുന്നെന്നും ലത പറഞ്ഞിരുന്നു. 'ഭർത്താവിന് ആ മോതിരം ഏറെ ഇഷ്ടമായിരുന്നു. അദ്ദേഹത്തിൻ്റെ ഓർമ്മയ്ക്കായി തനിക്ക് അത് തിരികെ വേണം. മോതിരം ബന്ധപ്പെട്ട ആളുകളുടെ കൈയിൽ ഉണ്ടാകുമെന്നും മോതിരം വെച്ചാണ് ഭർത്താവിൻ്റെ മൃതശരീരം തിരിച്ചറിഞ്ഞതെന്നും അതിനാൽ നഷ്ടപ്പെടാൻ സാധ്യതയില്ലായെന്നും' ലത പറഞ്ഞു.
വാർത്തകൾ അറിയാൻ കഴിയുന്നില്ലെന്നം ഒരു ടിവി കിട്ടിയാൽ നന്നായിരുന്നെന്നുമുള്ള ലതയുടെ ആവശ്യത്തിനും കോഫി വിത്ത് അരുണിൽ പരിഹാരമായി. ലതയ്ക്ക് ടിവി വാങ്ങി നൽകാമെന്ന് ഡോ അരുൺ കുമാർ ഉറപ്പ് നൽകി.
Content highlights- When will the government give us a house, at least give me my ring?' Lata with request