ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് യുഡിഎഫിലേക്കെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എമ്മിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും അന്തരീക്ഷത്തില്‍ നിന്ന് സൃഷ്ടിച്ച വാര്‍ത്തയാണെന്നും ജോസ് കെ മാണി പറഞ്ഞു. മാധ്യമങ്ങള്‍ വാര്‍ത്ത സ്ഥിരീകരിക്കണമായിരുന്നു. കേരള കോണ്‍ഗ്രസ്സ് മുന്നണി മാറ്റത്തില്‍ ഒരു ചര്‍ച്ചയും ആരുമായും നടത്തിയിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസ്സ് എം എല്‍ഡിഎഫിന്റെ അഭിവാജ്യ ഘടകമാണ്. പാര്‍ട്ടി യുഡിഎഫ് വിട്ടതല്ല. യുഡിഎഫില്‍ നിന്ന് പുറത്താക്കിയതാണ്. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിനൊപ്പം ഉറച്ച് നില്‍ക്കും.ആര്‍ക്കെങ്കിലും ആഗ്രഹം ഉണ്ടെങ്കില്‍ അടുപ്പില്‍ വെച്ച വെള്ളം വാങ്ങി വെച്ചേക്കൂവെന്നും ജോസ് കെ മാണി പറഞ്ഞു.
യുഡിഎഫിനെ സഹായിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് വാര്‍ത്തകളെന്നും ജോസ് കെ മാണി വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് എമ്മിന്റെ യുഡിഎഫ് മുന്നണി പ്രവേശന ചര്‍ച്ചകള്‍ സജീവമാണെന്ന വാര്‍ത്തകള്‍ വന്നതിനോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി. പാലാ, കടുത്തുരുത്തി നിയമസഭാ സീറ്റുകള്‍ സംബന്ധിച്ച് ധാരണയായാല്‍ യുഡിഎഫിലേക്ക് തിരിച്ചുവരാമെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ് എം എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇതിനെ പൂര്‍ണ്ണമായും നിഷേധിക്കുകയാണ് ജോസ് കെ മാണി.
Content Highlight: Jose K Mani denies reports of Kerala Congress m joining UDF