തിരുവനന്തപുരം: ഒരു സാധാരണ കുടുംബത്തിന് പരമാവധി എത്രരൂപ വാട്ടർബിൽ വരും. ഇത് അദാനിയുടെ വീടല്ലല്ലോ സർ എന്ന് ബില്ലുമായി വന്ന ഉദ്യോഗസ്ഥനോട് തലസ്ഥാന ജില്ലയിലെ മത്സ്യതൊഴിലാളിക്ക് ചോദിക്കേണ്ടി വരുന്നത് എത്രഖേദകരമാണ്. അദാനിയുടെ വീട്ടിൽ വരേണ്ടിയിരുന്ന വാട്ടർബില്ല് തൻ്റെ വീട്ടിലേയ്ക്ക് വന്നതെന്തെന്ന് ഒരു സാധരണക്കാരനായ മത്സ്യത്തൊഴിലാളിയ്ക്ക് തോന്നിപ്പിക്കുന്ന നിലയിലേയ്ക്ക് നമ്മുടെ ജലഅതോറിറ്റിയുടെ സംവിധാനത്തിന് വീഴ്ച പറ്റിയെങ്കിൽ അതത്ര നിസ്സാരമല്ല. തിരുവനന്തപുരം പൂന്തുറയിൽ പാവപ്പെട്ട മൽസ്യത്തൊഴിലാളി കുടുംബത്തിനാണ് താങ്ങാനാകാത്ത ബിൽ നൽകി വാട്ടർ അതോറിറ്റി പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പൂന്തുറ സ്വദേശി സിൽവ പിള്ളയ്ക്ക് 38000 രൂപയോളമാണ് വാട്ടർ അതോറിറ്റി ബില്ലായി എത്തിയത്. അതുകൊണ്ടാണ് ഉദ്യോഗസ്ഥരോട് അദാനിയുടെ വീടല്ലല്ലോ സർ എന്ന് സിൽവ പിള്ളയ്ക്ക് ചോദിക്കേണ്ടി വന്നത്.
മാർച്ച് മാസത്തിലാണ് കുടുംബം കണക്ഷൻ എടുത്തത്. അഞ്ചുപേർ അടങ്ങുന്ന കുടുംബമാണ് സിൽവ പിള്ളയുടേത്. ആദ്യ മാസങ്ങളിലെല്ലാം ന്യായമായ തുക മാത്രമാണ് ബിൽ വന്നിരുന്നത്. എന്നാൽ സെപ്റ്റംബറിൽ 34000, നവംബറിൽ 38000 എന്നിങ്ങനെയാണ് ബിൽ ലഭിച്ചത്. കാര്യം തിരക്കിയപ്പോൾ പണം അടച്ചേ തീരു എന്ന പിടിവാശിയിലാണ് ഉദ്യോഗസ്ഥർ. ഇത്രയും തുക വന്നതിന് പിന്നിലെ മറിമായ എന്തെന്ന് ചോദിക്കുമ്പോൾ ലീക്കുണ്ടാകും എന്നായിരുന്നു ജല അതോറിറ്റി ജീവനക്കാരുടെ മറുപടി.
ചാല ഓഫീസിലെ ഉദ്യോഗസ്ഥരുടെ മറുപടിയുടെ പകപ്പ് സിൽവ പിള്ളയ്ക്ക് ഇപ്പോഴും മാറിയിട്ടില്ല. വേണമെങ്കിൽ തുച്ഛമായ ഒരു തുക മാത്രം കുറച്ചുതരാമെന്ന ഉദ്യോഗസ്ഥ ഔദാര്യവും കൂടി സിൽവ പിള്ളയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ടു. എന്നാൽ പണം അടയ്ക്കില്ലെന്ന നിലപാടിലാണ് സിൽവ പിള്ള. ഈ പണം അടയ്ക്കില്ലെന്നും വിഷയത്തിൽ എത്രയും പെട്ടെന്ന് പരിഹാരം വേണമെന്നാണ് തന്റെ ആവശ്യമെന്നും സിൽവ പിള്ള റിപ്പോർട്ടറിനോട് പറഞ്ഞു.
Content Highlights: Poor family gets 38000 water bill