മധു നടത്തുന്നത് അപവാദ പ്രചരണമെന്ന് ജോയ്; ഇത്രയും രാഷ്ട്രീയക്കരുത്തില്ലാത്ത ആളാണെന്ന് അറിഞ്ഞില്ലെന്ന് കടകംപള്ളി

തന്നെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് മധു കഴിഞ്ഞ ദിവസം ഏരിയാ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു

dot image

തിരുവനന്തപുരം: പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ച മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയുടെ ആരോപണങ്ങൾക്കെതിരെ സിപിഐഎം. മധു നടത്തുന്നത് അപവാദ പ്രചരണങ്ങളാണെന്നും വിഷയം പാർട്ടി ചർച്ച ചെയ്യുമെന്നും ജില്ലാ സെക്രട്ടറി വി ജോയ് പറഞ്ഞു. സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിൽ നടന്ന 17 സമ്മേളനങ്ങളിൽ മംഗലപുരം സമ്മേളനത്തിൽ നിന്ന് മാത്രമാണ് ഈ വാർത്ത വന്നത്. മധു മുല്ലശ്ശേരി പാർട്ടിക്കെതിരായ നിലപാട് സ്വീകരിച്ചത് മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞത്. സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിനുള്ള രീതി സിപിഐഎമ്മിനുണ്ട്. മംഗലപുരം സമ്മേളനത്തിൽ ഒരു പേര് കൂടി സെക്രട്ടറി സ്ഥാനത്തേക്ക് വന്നു. അങ്ങനെയാണ് ജലീലിന് ഭൂരിപക്ഷം കിട്ടിയത്. ജനാധിപത്യപരമായ രീതിയിലാണ് സെക്രട്ടറിയെ തിരഞ്ഞെടുത്തത്. മധു പറഞ്ഞ കാര്യങ്ങൾ അവാസ്തവമാണെന്നും വി ജോയ് പ്രതികരിച്ചു.

വി ജോയിക്കെതിരായ മധുവിന്റെ ആരോപണങ്ങൾ മറുപടി അർഹിക്കുന്നവയല്ലെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ പ്രതികരിച്ചു. മധുവിൽ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഇത്രയും രാഷ്ട്രീയക്കരുത്തില്ലാത്ത ആളാണ് മധുവെന്ന് മനസിലാക്കാൻ വൈകിപ്പോയെന്നും അദ്ദേഹം പറഞ്ഞു. ആർക്കും ഏത് പാർട്ടിയിൽ പോകാനും അവകാശമുണ്ട്.

പാർട്ടിയിൽ നിന്ന് പോകുന്നത് ആർക്കും പിടിച്ചുനിർത്താനാകില്ല. മധുവിന് സംഭവിച്ചത് ആത്മവിരാമമാണ്. മംഗലപുരം ഏരിയ സമ്മേളനം നല്ല നിലയിലാണ് പോയത്. സെക്രട്ടറി സ്ഥാനത്തേക്ക് രണ്ട് പേരുകൾ വരുന്നത് സ്വാഭാവികമാണ്. സംഘടനാപരമായ ശക്തി ഇല്ലാത്തതുകൊണ്ടാണ് മധുവിന് പിന്തുണ ലഭിക്കാതിരുന്നത്. മധുവിനെതിരെ പാർട്ടിക്കുള്ളിൽ ലഭിച്ച പരാതികളെക്കുറിച്ച് ഇപ്പോൾ പറയില്ലെന്നും മധുവിനെ അനുനയിപ്പിക്കാനില്ലെന്നും കടകംപിള്ളി കൂട്ടിച്ചേർത്തു.

തന്നെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് മധു കഴിഞ്ഞ ദിവസം ഏരിയാ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചാണ് മധു മുല്ലശ്ശേരി പാര്‍ട്ടിയില്‍ നിന്ന് വിടുകയാണെന്ന് പ്രഖ്യാപിച്ചത്. സംസ്ഥാന നേതൃത്വത്തിലെ പലരേയും സ്വാധീനിച്ചാണ് വി ജോയ് ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തിയതെന്നും മംഗലപുരത്ത് വലിയ വിഭാഗീയതയാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.

Content Highlights: cpim against madhu mullassery

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us